വിഭാഗീയതയോടും വര്‍ഗീയതയോടും ഒത്തുപോകാനാവാത്ത മനോബലം കാത്തുസൂക്ഷിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരോടും ബഹുമാനവും മാന്യതയും പുലര്‍ത്തുന്ന അവര്‍ എല്ലവരില്‍നിന്നും അത്തരം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടാവാം. സത്യവും യാഥാര്‍ഥ്യവും പുലരണമെന്ന് അവര്‍ കൊതിക്കുന്നുമുണ്ടാവും. വസ്തുതകള്‍ മറച്ചുപിടിക്കുന്ന രീതിയോട് അവര്‍ പൊരുത്തപ്പെടുന്നുമുണ്ടാവില്ല. വര്‍ത്തമാന കാലത്ത് രാജ്യം നേരിടുന്ന ഈ സ്വത്വ പ്രതിസന്ധി മറികടക്കാന്‍ ആചാരപരമായ ആകാംക്ഷയും ആശങ്കയും മതിയാവില്ല. ജനകീയമായ ചെറുത്തുനില്‍പ്പിന്റെ സമരപാത ഒരുക്കാന്‍ പൊരുതണം. അത്തരമൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ സമവാക്യങ്ങള്‍ അപ്പാടെ മാറ്റി പണിയാന്‍ നേരമായി. സ്വാതന്ത്ര്യാനന്തരം അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന ലക്ഷ്യങ്ങള്‍ പല പ്രാവശ്യം നേടിയെടുത്ത അനുഭവസാക്ഷ്യം മുന്നിലുള്ള സ്ഥിതിക്ക് പ്രതീക്ഷയോടെ മുന്നിട്ടിറങ്ങുകയാണ് നമ്മുടെ ദൗത്യം.
അത്തരമൊരു യജ്ഞം വിജയപാതയിലെത്താന്‍ അവഗണിക്കേണ്ടവയെ അവഗണിക്കാനും പലതും മറക്കാനും പൊറുക്കാനും തയ്യാറാവേണ്ടി വരും. ചുറ്റുമുള്ളവരുടെ നിലപാട് അറിയാനും അവരെക്കുറിച്ച് പഠിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനും ധൈര്യം കൈവരണമെങ്കില്‍ സ്വയം വിമര്‍ശനത്തിന് സന്നദ്ധരായിരിക്കണം, തിരുത്തേണ്ടവ തിരുത്തുകയും വേണം. ആരെയും ഏറെക്കാലം ഒന്നിനും നിര്‍ബന്ധിക്കാനാവില്ല. എല്ലാ കാലത്തും എല്ലവരേയും കബളിപ്പിക്കാനും ആവില്ല. ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും ജനങ്ങളെ കീഴ്‌പ്പെടുത്താമെന്ന് കരുതുന്നത് കേവലമായ മൗഢ്യമാണ്. ശീലങ്ങളും ആചാരങ്ങളും വേശങ്ങളും വിശ്വാസങ്ങളും നിലപാടുകളും തിരഞ്ഞെടുക്കാനും മാറ്റാനും നിലനിര്‍ത്താനും പ്രകൃത്യാ ഓരോ വ്യക്തിയും അധികാരം ലഭിച്ചവരാണ്. വിദ്യാസമ്പന്നമായ വ്യക്തിയും ജനതയും ജന്മസിദ്ധമായ അവകാശങ്ങളും ബാധ്യതകളും അടിയറവെക്കുമെന്ന് കരുതുന്നത് പോലും പ്രാകൃതമായ അനാശാസ്യപ്രവര്‍ത്തനം ആകുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും ഉചിതമായ പരിപാടികളാവിഷ്‌കരിക്കുന്നതില്‍ ഗുണകരവും ശാസ്ത്രീയവും ആധുനികവുമായ മുന്‍ഗണനാക്രമം പോലും അവഗണിക്കുന്നവരെ തിരുത്തിക്കാന്‍ ജനശക്തിക്ക് സാധിക്കുമെന്ന് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
മാ നിഷാദ പാടിയ നാട്ടില്‍ ബുള്‍ഡോസര്‍ രാജ് അരങ്ങ് തകര്‍ക്കുന്നു. സംഭ്രമപരമായ ഈ സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യത്തെകുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും പൗരാവകാശങ്ങളെകുറിച്ചും ആധുനിക ചിന്തയും ഭരണഘടനാമൂല്യവും ഉയര്‍ത്തി ചര്‍ച്ചകള്‍ നടന്നാല്‍ പോര. മാധ്യമങ്ങള്‍ക്ക് ആര്‍.എസ്.എസിനെ അപലപിച്ച് പ്രസ്താവന നല്‍കി സ്വന്തം വസതിയില്‍ പോയി വിശ്രമിക്കുന്നവര്‍ക്ക് ഈ സമരം വിജയിപ്പിക്കാനാവില്ല. അടിയന്തര രാഷ്ട്രീയ നടപടികള്‍ ഉണ്ടാവണം. നിയമം അനുശാസിക്കുന്ന പ്രാഥമികമായ നടപടിക്രമങ്ങള്‍ പോലും ഭരണകൂടങ്ങള്‍ അതിലംഘിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ അന്തം വിട്ട് നില്‍ക്കുക സ്വാഭാവികം മാത്രം. അരക്ഷിതാവസ്ഥയും അരാജകാവസ്ഥയും പടര്‍ന്ന്പിടിക്കാന്‍ അനുവദിച്ച് കൂട. നിയമവാഴ്ചക്കായി നിലക്കൊള്ളാന്‍ നീതി പീഠങ്ങളും അവസരത്തിനൊത്തുയര്‍ന്ന് രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ തകിടം മറിയാതെ നോക്കേണ്ടതുണ്ട്.
അസമിലും ഡല്‍ഹിയിലും മധ്യപ്രദേശിലും ഇപ്പോള്‍ ഉത്തര്‍പ്രദേശിലും ബുള്‍ഡോസര്‍ രാജ് അഴിഞ്ഞാടുകയാണ്. പൗരത്വനിയമം ചോദ്യം ചെയ്ത നാള്‍ മുതല്‍ ബി.ജെ.പി സമനില തെറ്റിയ അവസ്ഥയിലാണ്. ജനായത്തത്തിന്റെ ആധാരശിലകള്‍ തകര്‍ക്കാനാണ് ശ്രമം. ആര്‍.എസ്.എസ് പുലര്‍ത്തുന്ന പ്രതിലോമപരവും അപരിഷ്‌കൃതവും ആധുനിക രാഷ്ട്ര നിര്‍മാണ സമവാക്യങ്ങള്‍ തള്ളുന്നതുമായ ജനവിരുദ്ധ സമീപനത്തെ എതിര്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ല എന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. ഏറ്റവും ഒടുവില്‍ യു. പിയില്‍ അഫ്രീന്‍ ഫാതിമ എന്ന വിദ്യാര്‍ഥിനിയുടെ വസതിക്ക് നേരെ നടന്ന കയ്യേറ്റം ആര്‍ക്ക് അനുകൂലിക്കാനാവും? അവിടെ നടന്ന കാര്യങ്ങള്‍ ആര്‍ക്ക് ന്യായീകരിക്കാനാവും? സാമാന്യ നീതിയോ മനുഷ്യത്വം പോലുമോ അംഗീകരിക്കപ്പെടാത്ത ബി.ജെ.പിയുടെ കാടന്‍ ഭരണരീതി പൊറുപ്പിക്കാനാവുമോ?
താല്‍കാലിക രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തിന്റെ ഭാവി താല്‍പര്യങ്ങള്‍ ബലികൊടുക്കുന്ന ബി.ജെ.പിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള കൂട്ടായ നീക്കമാണുണ്ടാവേണ്ടത്. വര്‍ഗീയതയുടെ അഗ്‌നിയില്‍ ദേശത്തിന്റെ ആശകള്‍ പൊലിഞ്ഞ് പോകരുത്. ചെറുപ്പക്കാരുടെ വിടരാനിരിക്കുന്ന ശോഭനമായ ഭാവി തുലയരുത്. ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളക്ക് ഈ രാജ്യത്തെ ഒറ്റുകൊടുക്കരുത്. രാജ്യത്തിന്റെ വിഭവങ്ങളാകെ കുത്തകകള്‍ക്കായി തീറെഴുതി കൊടുക്കുന്ന സാഹചര്യം മാറ്റണം. പ്രധാനമന്ത്രിയുടെ വിദേശയത്രകള്‍ കുത്തകകളുടെ വാണിജ്യ വ്യവസായ താല്‍പര്യങ്ങള്‍ക്കാണ് മുന്തിയ പരിഗണന കൊടുക്കുന്നതെന്ന് നാളുകളായി കേള്‍ക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്തില്‍ വന്നപ്പോള്‍ അദാനിക്ക് ലഭിച്ച അമിത പ്രാധാന്യം മറക്കാന്‍ കാലം ആയില്ല. ഇപ്പോള്‍ ശ്രീലങ്കയില്‍നിന്ന് വരുന്ന വാര്‍ത്തകളും ശുഭകരമല്ല.
സംസ്ഥാനങ്ങളുടെ നിയമപരമായ അധികാരങ്ങളില്‍ കൈവെക്കുന്ന നിയമനിര്‍മാണം തുടര്‍ച്ചയായി നടക്കുന്നു. ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രത്തിന്റെ ഫെഡറല്‍ ഘടന തകര്‍ത്ത് കേന്ദ്രത്തില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ഈ നീക്കം സംസ്ഥാനങ്ങളുടെ സന്തുലിതമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ പ്രാദേശികമായ സാംസ്‌കാരിക ധാരകളും അവരുടെ സ്വാഭിമാനവും തകര്‍ക്കും. ഭാഷാപരമായ വ്യക്തിത്വം തകരാന്‍ കാരണമാകും. ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ പോലും ഇടപെടുന്ന ദുസ്ഥിതി സാര്‍വത്രികമായി നടക്കുന്നു. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത് അധികാര ദുര്‍വിനിയോഗത്തിന്റെ പ്രകടമായ തെളിവാണ്. സമുന്നതരായ പ്രതിപക്ഷ നേതാക്കളുടെ പേരില്‍ വ്യാജ കുറ്റങ്ങള്‍ ചുമത്തി കോടതി കയറ്റുന്ന പ്രതികാര രാഷ്ട്രീയവും ഗൗരവതരമായി കണക്കിലെടുക്കണം.
ബി.ജെ.പി ഇതര കക്ഷികളുടെ അനൈക്യമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്. എന്നാല്‍ ആശയങ്ങള്‍ മറന്ന് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയെ പിന്തുണക്കുന്ന അവസരവാദമാണ് ഏറ്റവും അപമാനകരമായ സംഗതി. ഇന്നത്തെ ദേശീയ സാഹചര്യം മാറ്റി മറിക്കാന്‍ ഇപ്പോഴും സാധ്യമാണ്. ഉത്തര്‍പ്രദേശ് അടക്കം ഏതാനും നിയമസഭകളിലേക്ക് അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ യാഥാര്‍ഥ്യബോധവും മികച്ച ആസൂത്രണവും പരസ്പര ധാരണയും ഉണ്ടായിരുന്നെങ്കില്‍ ചിത്രം വ്യത്യസ്തമാകുമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ നേതൃത്വം ഇല്ലാതെ പോയി.
ബിഹാറില്‍ ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ശരത് യാദവിനെയും ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധി ഉണ്ട്. അവരെല്ലാം സോഷ്യലിസ്റ്റുകള്‍. ലോഹ്യാനുകൂലികള്‍. ജയപ്രകാശിനെയും, ആചാര്യ നരേന്ദ്ര ദേവിനെയും ബഹുമാനിക്കുന്നവര്‍. കര്‍പ്പൂരി താക്കൂറിന്റെയും ബി.പി മണ്ഡലിന്റെയും സംഭാവനകളില്‍ അഭിമാനം കൊള്ളുന്നവര്‍. അവരുടെ ഇടയില്‍ സമാനതകളാണധികം. അധികാര പങ്കാളിത്തമാണ് അവരെ പ്രധാനമായും അകറ്റി കളയുന്നത്. മൂവരും ഇപ്പോള്‍ ഒന്നിച്ച് നിന്നാല്‍ ബീഹാറിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ രാഷ്ട്രീയം മാറും. അനീതികള്‍ക്കെതിരെ നിരന്തരമായി, സന്ധിയില്ലാതെ സമരം ചെയ്ത അത്യപൂര്‍വ വ്യക്തിത്വം ആയിരുന്നു അവരുടെ ആചാര്യനായ ലോഹ്യ എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് അനീതികള്‍ അല്ലാതെ മറ്റ് എന്താണ്? അതിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ അവസരം സൃഷ്ടിക്കപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. നിതീഷ്‌കുമാര്‍ രാജ്യത്തിന്റെ വിളി കേള്‍ക്കുമോ? ലാലു പ്രസാദ് യാദവ് കാലഘട്ടത്തിന്റെ വെല്ലുവിളി മനസ്സിലാക്കി നിതീഷ് കുമാറിനെ ഒരിക്കല്‍കൂടി മാറോട് ചേര്‍ത്ത്പിടിക്കുമോ? ശരത് യാദവ് ലാലു പ്രസാദവുമായി ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കാന്‍ വീണ്ടും മുന്നോട്ട് വന്നപ്പോള്‍ പല സോഷ്യലിസ്റ്റുകളും പ്രത്യാശയോടെ ഉയര്‍ത്തുന്ന ചോദ്യം ആണത്. ഐക്യവും ഭിന്നിപ്പും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന ബോധ്യമുണ്ട്. എന്നാലും!
ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് കരുതുന്നവരുണ്ട്. ആന്ധ്രാപ്രദേശിന്റെ ഗ്രാമീണ മേഖലകളില്‍ വികസനം ഉറപ്പ്‌വരുത്തുകയും ജനങ്ങളുടെ അന്തസ് ഉയര്‍ത്തുകയും ചെയ്ത വൈ. എസ് രാജശേഖര റെഡ്ഡി കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഒരു ജനകീയ ശക്തിയായി വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ പുത്രനാണ് ഇന്നത്തെ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി. കോണ്‍ഗ്രസ് സംസ്‌കാരത്തിന് അദ്ദേഹം അന്യനാവില്ലെന്ന് വരാം. തമിഴ്‌നാട്ടില്‍ ജനപ്രിയനായി മാറുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാഗത്തേക്ക് ചെറിയ കഷികളും ജനപ്രതിനിധികളും വരുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. പെരിയാറിന്റെയും അണ്ണാ ദുരൈയുടെയും കരുണാനിധിയുടെയും എം.ജി രാമചന്ദ്രന്റെയും രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് തമിഴ് ജനത നല്‍കുന്ന പിന്തുണ ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് വിശദീകരിക്കപ്പെടുന്നു.