X
    Categories: indiaNews

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; ഉപാധ്യക്ഷന്‍ എല്‍ജെപിയില്‍ ചേര്‍ന്നു

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിഹാറില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് പാര്‍ട്ടി വിട്ടു. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജേന്ദ്ര സിങ് എല്‍.ജെ.പിയിലേക്കാണ് ചേക്കേറിയത്. എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തിലാണ് സിങ് അംഗത്വം സീകരിച്ചത്.

ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് രാജേന്ദ്ര സിങ് പാര്‍ട്ടി ക്യാമ്പിനെ ഞെട്ടിച്ച് എല്‍ജെപിയിലെത്തിയത്. ദിനാര മണ്ഡലത്തില്‍ ജെ.ഡി.(യു) സ്ഥാനാര്‍ഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ജയ് കുമാര്‍ സിങ്ങാണ് ഇവിടുത്തെ ജെ.ഡി.(യു). സ്ഥാനാര്‍ഥി. ഇത് രണ്ടാംവട്ടമാണ് രാജേന്ദ്ര സിങ്ങും ജയ് കുമാര്‍ സിങ്ങും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2015ല്‍ 2691 വോട്ടുകള്‍ക്കാണ് രാജേന്ദ്ര സിങ് പരാജയപ്പെട്ടത്. 36 വര്‍ഷമായി ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള നേതാവാണ് രാജേന്ദ്രസിങ്.

ജഡിയു നേതാവും ദുംറാവ് എംഎല്‍എയുമായ ദദന്‍ സിങ് യാദവ് എല്‍.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. ഇതേ മണ്ഡലത്തില്‍ ജെ.ഡി.(യു)വിന്റെ അന്‍ജും ആരയ്‌ക്കെതിരെ ദദന്‍ മത്സരിക്കുമെന്നുമാണ് വിവരം.

ചൊവ്വാഴ്ച സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദദന്‍ പോയിരുന്നു. എന്നാല്‍ എല്‍.ജെ.പയിലേക്ക് ക്ഷണിച്ചുള്ള വിളിയെത്തിയതോടെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ മടങ്ങുകയായിരുന്നു. ബിഹാറില്‍ ബിജെപി 121 സീറ്റിലും ജെഡി(യു) 122 സീറ്റിലുമാണ് മത്സരിക്കുന്നത്. നേരത്തെ, എന്‍ഡിഎയുടെ ഭാഗമായിരുന്ന എല്‍ജെപി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

Test User: