പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണിക്ക് വോട്ടിങ് ആരംഭിക്കും. 17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ എന്നീ പ്രമുഖര്‍ ജനവിധി തേടുന്നതും ഇന്നാണ്. പാറ്റ്‌നയിലും ഇന്നാണ് തെരഞ്ഞെടുപ്പ്.
മഹാസഖ്യത്തില്‍ ആര്‍ജെഡി 56 സീറ്റിലും കോണ്‍ഗ്രസ് 24 സീറ്റിലും ഇടതു കക്ഷികള്‍ 12 സീറ്റിലുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്‍ഡിഎയില്‍ ബിജെപി ആണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കൈവശം വച്ചിരിക്കുന്നത്. 46 സീറ്റുകളില്‍ അവര്‍ മത്സരിക്കും. ജെഡിയു 43 സീറ്റിലും മത്സരിക്കും.
52 സീറ്റുകളിലാണ് എല്‍ജെപി ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പടെ 1463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സര രംഗത്തുളളത്. 41, 362 പോളിംഗ് സ്റ്റേഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് പുരോഗമിക്കുക. മുപ്പതിനായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചുണ്ട്. വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്.