X
    Categories: indiaNews

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യം 87 സീറ്റില്‍ ഒതുങ്ങുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നടത്തിയ രഹസ്യ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച ജെഡിയു പിന്നീട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. നിതീഷ് കുമാറിനെതിരെ സംസ്ഥാനത്ത് വലിയ ജനരോഷം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ജെഡിയുവിന് ഭരണത്തിലുള്ള അമിതമായ സ്വാധീനം ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ബിജെപി-ജെഡിയു സഖ്യസര്‍ക്കാറിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വേയില്‍ ഭൂരിഭാഗം പേരും വിലയിരുത്തിയത്. ആര്‍ജെഡിയുടെ യുവ മുഖമായ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

നിതീഷ് കുമാറിന്റെ മേധാവിത്വം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുശീല്‍ കുമാര്‍ മോദിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. ഇതിനെതിരെ സഖ്യത്തിനകത്ത് വലിയ അതൃപ്തിയുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: