ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ രാഷ്ട്രീയ നീക്കങ്ങള്‍ വീണ്ടും. ബി.ജെ.പി നേതാക്കള്‍ എല്‍.ജെ.പിയിലേക്കെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബി.ജെ.പിയും ജനതാദള്‍യുവുമായി സീറ്റ് പങ്കിടല്‍ കഴിഞ്ഞപ്പോള്‍ നിരാശരായ നിരവധി ബി.ജെ.പി നേതാക്കളാണ് ലോക് ജന്‍ശക്തി പാര്‍ട്ടിയിലേക്ക് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പലര്‍ക്കും സീറ്റില്ലാതെ വന്നതോടെയാണ് ബിജെപി നേതാക്കള്‍ എല്‍.ജെ.പിയിലേക്ക് കൂടുമാറുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അറിയപ്പെട്ട മുതിര്‍ന്ന നേതാവ് രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. സീറ്റ് പങ്കിടല്‍ ധാരണ പ്രകാരം അദ്ദേഹത്തിന്റെ ദിനാര സീറ്റ് ജെ.ഡി.യുവിന് വിട്ടുകൊടുത്തതാണ് വിഷയം. നാലു പതിറ്റാണ്ടിലേറെയായി ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചുവന്ന രാജേന്ദ്ര സിങ്ങിനെ പാര്‍ട്ടിയിലെടുത്ത് എല്‍.ജെ.പി ടിക്കറ്റ് നല്‍കിപ്പോള്‍ ജെ.ഡി.യു സ്ഥാനാര്‍ഥിയുടെ നില പരുങ്ങലിലായി. പാസ്വാനുമായി ഒത്തുകളിച്ച് ജെ.ഡി.യുവിനെ ഒതുക്കാന്‍ ബി.ജെ.പി നീക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ബി.ജെ.പിക്കും എല്‍.ജെ.പിക്കും ഇടയിലെ ‘അന്തര്‍ധാര’.
രാജേന്ദ്ര സിങ്ങിന് പിന്നാലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉഷാ വിദ്യാര്‍ഥിയേയും എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് ടിക്കറ്റ് നല്‍കി. ബി.ജെ.പിക്കെതിരെ മത്സരിക്കില്ലെങ്കിലും ജെ.ഡി.യുവിനെ തോല്‍പിക്കാന്‍ ഉറച്ച എല്‍.ജെ.പിക്ക് 120ഓളം സീറ്റില്‍ മത്സരിക്കാനാവും. വരുന്ന പലര്‍ക്കും ടിക്കറ്റ് നല്‍കി ജെ.ഡി.യു സ്ഥാനാര്‍ഥികളെ തോല്‍പിക്കാനാവും. മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവ് രാംനരേഷ് ചൗരസ്യ, തൊട്ടു പിന്നാലെ ബരുണ്‍ പാസ്വാന്‍ എന്നിവരും നേരത്തേ എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു.