പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) മറ്റു മൂന്നുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി ഉള്‍പ്പെടെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളായാണ് സഖ്യം. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലാണ് സഖ്യം രൂപീകരിച്ചിട്ടുള്ളത്.
ആസാദ് സമാജ് പാര്‍ട്ടി, എംകെ ഫൈസിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉള്‍പ്പെടുന്നതെന്ന് ജന്‍ അധികാര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ പപ്പു യാദവ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സഖ്യത്തെ നേരിടുന്നതിനായി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, എല്‍ജെപി, കോണ്‍ഗ്രസ് എന്നിവരെ ഈ സഖ്യത്തില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിനെ നേരിടാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമിക്കുന്നില്ലെന്ന് പപ്പുയാദവ് പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലേക്കാണ് താന്‍ പോകുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28. നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടക്കാന്‍ പോകുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. അടിമുടി മാറ്റത്തോടെയാണ് വോട്ടെടുപ്പ് നടത്തുക. വോട്ടിംഗിന് അധികസമയം അനുവദിക്കുകയും എന്നാല്‍ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രചരണവുമായിരിക്കും നടക്കുക.