X
    Categories: indiaNews

അതിബുദ്ധി ആപത്തായി; ബിഹാറില്‍ ബിജെപി പെട്ടത് ഊരാക്കുടുക്കില്‍

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒതുക്കാന്‍ ചിരാഗ് പാസ്വാനെ രംഗത്തിറക്കിയ ബിജെപി നേതൃത്വം പെട്ടത് ഊരാക്കുടുക്കില്‍. ചിരാഗ് പാസ്വാനെ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിപ്പിച്ച് വോട്ട് ഭിന്നിപ്പിക്കാമെന്നായിരുന്നു ബിജെപി തന്ത്രം. എന്നാല്‍ അപകടം മുന്‍കൂട്ടി കണ്ട നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തിന്റെ റാലികള്‍ നയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിഹാറില്‍ 12 റാലികള്‍ക്കാണ് മോദി നേതൃത്വം കൊടുക്കുന്നത്. എല്‍ജെപി ബന്ധം നിഷേധിക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ചിരാഗ് പാസ്വാന്‍ വിട്ടുകൊടുക്കാത്തതാണ് ബിജെപിയെ കെണയിലാക്കുന്നത്. ഞാന്‍ മോദിയുടെ ഹനുമാനാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ചിരാഗ് പാസ്വാന്‍ പറഞ്ഞത്. തന്റെ നെഞ്ച് പിളര്‍ത്തി നോക്കിയാല്‍ മോദിയെ കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവംബര്‍ 10ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിഹാറില്‍ ബിജെപി-എല്‍ജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്. ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യം വിടാന്‍ എല്‍ജെപി തയ്യാറായിട്ടുമില്ല. ഇത്തരം അനശ്ചിതാവസ്ഥ തുടരുന്നത് ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറില്‍ ബിജെപി നേതാക്കളെക്കാള്‍ ശക്തനാണ്. നിതീഷ് കുമാറിന് അനിഷ്ടമുണ്ടായാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ഭയം ഇപ്പോള്‍ ബിജെപിക്കുണ്ട്. അത് മറികടക്കാനാണ് ചിരാഗ് പാസ്വാനുമായുള്ള ബന്ധം നിഷേധിക്കുന്നത്. ചുരുക്കത്തില്‍ നിതീഷിനെ വീഴ്ത്താന്‍ കാണിച്ച അതിബുദ്ധി ബിജെപിക്ക് തന്നെ തിരിച്ചടിയാവുന്നതാണ് ബിഹാറില്‍ കാണുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: