മധുഭനി: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്. മധുഭനിയിലെ പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ഏറുണ്ടായ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് സുരക്ഷാ കവചം തീര്‍ത്തു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.
പ്രസംഗത്തില്‍ തൊഴിലിനെ കുറിച്ച് സംസാരിക്കവെയായിരുന്നു നിതീഷിന് നേരെ ഉള്ളിയേറുണ്ടായത്. ക്ഷുഭിതനായ നിതീഷ് ‘ഇനിയും എറിയട്ടെ. ധാരാളം എറിയട്ടെ. ഒരു ഫലവുമുണ്ടാക്കില്ല’ എന്നു പറഞ്ഞു. എറിഞ്ഞയാളെ പിടിച്ച ആള്‍ക്കൂട്ടത്തോടെ, അദ്ദേത്തെ വിട്ടേക്കൂ. വലിയ ശ്രദ്ധ കൊടുക്കേണ്ട എന്ന് നിതീഷ് പറയുകയും ചെയ്തു.
പ്രസംഗത്തില്‍ തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരെയാണ് നിതീഷ് ലക്ഷ്യം വച്ചത്. പതിനഞ്ചു വര്‍ഷത്തെ ആര്‍ജെഡി ഭരണത്തില്‍ ഇവര്‍ ബിഹാറിനെ തകര്‍ക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. 15 വര്‍ഷം ഭരിച്ചിട്ടും ലാലുവിന് ജോലി നല്‍കാനായിട്ടില്ല. എന്നിട്ടാണ് തേജസ്വി ഇപ്പോള്‍ പത്തു ലക്ഷം ജോലി നല്‍കുമെന്ന് പറയുന്നത്. പതിനഞ്ചു വര്‍ഷത്തിനിടെ ആര്‍ജെഡി 95000 ആളുകള്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ഈ സര്‍ക്കാര്‍ ആറു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്- നിതീഷ് അവകാശപ്പെട്ടു.
അതിനിടെ, നിതീഷിന്റെ റാലികളില്‍ നേരത്തെ പ്രകടമായ കടുത്ത ഭരണവിരുദ്ധ വികാരമാണ് ഇത്തവണയും പ്രതിഫലിച്ചത്. പൊതുവെ ശാന്ത സ്വഭാവക്കാരനായ നിതീഷ് നിരവധി തവണയാണ് ആളുകള്‍ക്ക് നേരെ ക്ഷോഭിച്ചു സംസാരിച്ചിരുന്നത്.