X

ബിഹാറില്‍ എന്‍ഡിഎ ജയിച്ചത് എന്തു കൊണ്ട്? അഞ്ചു കാരണങ്ങള്‍

ന്യൂഡല്‍ഹി: മിക്ക എല്ലാ അഭിപ്രായ സര്‍വേകള്‍ക്കും വിരുദ്ധമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നു. തുടര്‍ച്ചയായ നാലാം തവണയാണ് ജെഡിയുവും ബിജെപിയും അടങ്ങിയ എന്‍ഡിഎ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുന്നത്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നു.

1- ജാതി സമുദായ സമവാക്യം

തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ പ്രധാന വോട്ടു ബാങ്കുകള്‍ യാദവരും മുസ്‌ലിംകളുമാണ്. ഈ വോട്ടുകളില്‍ അവര്‍ ശ്രദ്ധ വയ്ക്കുകയും ചെയ്തു. എന്നാല്‍ കുര്‍മി (നിതീഷ് കുമാറിന്റെ ജാതി), മഹാ പിന്നോക്ക വിഭാഗക്കാര്‍ (ഇസിബി), ബിജെപിയുടെ പതിവു വോട്ടുബാങ്കായ മേല്‍ജാതി എന്നിവരുടെ വോട്ടുകള്‍ എന്‍ഡിഎ ഉറപ്പാക്കി. പൊതുവായി ഈ വോട്ടുകളും വര്‍ഗീയ ധ്രുവീകരണത്തിലൂടെ കിട്ടിയ ഹിന്ദു വോട്ടുകളും ബിജെപിക്ക് ഗുണകരമായി.
ഭാരത് മാതാ, ജയ്ശ്രീരാം തുടങ്ങി ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച വാക്കുകള്‍ ഒരേസമയം വോട്ട് ഏകീകരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്തു. മേല്‍ജാതി വോട്ടുകള്‍ ഉറപ്പുവരുത്താനായപ്പോള്‍ മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ അനുകൂലമാക്കാനും ഇതു സഹായിച്ചു.

2 വോട്ടു ബാങ്കുകള്‍

ഇത്തവണ സ്ത്രീകളും യുവാക്കളും വലിയ തോതില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ടു ചെയ്യാനെത്തിയത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കും എന്ന് എന്‍ഡിഎ കരുതി. 2015ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടുകള്‍ മോദിക്കും നിതീഷിനും വെവ്വേറെ പെട്ടിയിലാണ് വീണത്. എന്നാല്‍ ഇത്തവണ രണ്ടു പേരും ഒരുമിച്ചപ്പോള്‍ ആ വോട്ടുകള്‍ മിക്കതും ഒരേ സ്ഥാനാര്‍ത്ഥിക്കായി.

തേജസ്വി യാദവ്

വിജയത്തിന് ശേഷം നടത്തിയ ആദ്യ ട്വീറ്റില്‍ തന്നെ മോദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് നന്ദി പറഞ്ഞത്. വലിയ തോതില്‍ യുവാക്കളുടെ വോട്ടും എന്‍ഡിഎയ്ക്ക് തന്നെ ലഭിച്ചു.

3- വൈകാരിക മുതലെടുപ്പുകള്‍

വോട്ടര്‍മാരെ വൈകാരികമായി മുതലെടുക്കാന്‍ മോദിയും നിതീഷും ശ്രദ്ധിച്ചു. ആദ്യഘട്ട പോളിങ്ങുകള്‍ക്ക് ശേഷം ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാകും എന്ന് നിതീഷ് പ്രഖ്യാപിച്ചത് ഇതില്‍ ശ്രദ്ധിക്കപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ കുറ്റപ്പെടുത്തി മോദി ഉപയോഗിച്ച ജംഗിള്‍ രാജും അത്തരമൊരു ബ്ലാക് മെയിലിങ്ങായിരുന്നു.

4- ബഹുകോണ മത്സരം

വിവിധ രാഷ്ട്രീയ കക്ഷികള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍പ്പിച്ചത് മഹാസഖ്യത്തിന്റെ വിജയസാധ്യതയിലാണ്. മുസ്‌ലിം-യാദവ വോട്ടുകള്‍ കൃത്യമായി ഭിന്നിച്ചു. ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി, പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം, ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആര്‍എല്‍എസ്പി എന്നിവര്‍ പിടിച്ച വോട്ടുകള്‍ സഹായകരമായത് എന്‍ഡിഎയ്ക്കാണ്. ആര്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളായ സീമാഞ്ചലിലും മിതിലാഞ്ചലിലും ഇത് സാരമായി ബാധിച്ചു.

5- പൊടിക്കൈ പ്രഖ്യാപനങ്ങള്‍

തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതികളും വോട്ടായി മാറി. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. എല്‍പിജി കണക്ഷന്‍ ലിങ്ക് ചെയ്തതു വഴി അയ്യായിരം കോടി രൂപയും അക്കൗണ്ടുകളിലെത്തി. ഇതു കൂടാതെ അഞ്ഞൂറു കോടി രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു.

മോദിയും നിതീഷും

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തിയത് 13.62 കോടി പേര്‍ക്കാണ് ഉപകാരപ്രദമായത്. മൂന്നു കോടി വിധിവകള്‍, ദരിദ്രര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ആയിരം രൂപ വച്ചും വിതരണം ചെയ്തു. 8.7 കോടി കര്‍ഷകര്‍ക്ക് പിഎം കിസാന്‍ യോജ്‌നയ്ക്ക് കീഴില്‍ രണ്ടായിരം രൂപയും വിതരണം ചെയ്തു. ഏപ്രില്‍ ആദ്യ വാരത്തിലായിരുന്നു ഇത്. മിക്ക പദ്ധതികളുടെയും പണമെത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എന്നതാണ് ശ്രദ്ധേയം.

Test User: