X
    Categories: indiaNews

ബിഹാറിലെ ഭരണസഖ്യത്തില്‍ ഒരു മുസ്‌ലിം പോലുമില്ല; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

പട്‌ന: ബിഹാറിലെ ഭരണസഖ്യത്തില്‍ ഇത്തവണ മുസ്‌ലിം ജനപ്രതിനിധികളില്ല. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂപക്ഷത്തിന് ഭരണപക്ഷത്ത് ഇടം കിട്ടാതിരിക്കുന്നത്. എംഎല്‍എമാര്‍ ഇല്ലാത്തതു കൊണ്ടു തന്നെ മന്ത്രിസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മുസ്‌ലിം അംഗങ്ങളായി ആരും ഉണ്ടാകില്ല.

ഭരണസഖ്യമായ എന്‍ഡിഎയില്‍ നാലു കക്ഷികളാണ് ഉള്ളത്. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ കക്ഷികള്‍. ഇവരില്‍ ജെഡിയു മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. മത്സരിപ്പിച്ച 11 പേരും തോറ്റു.

തിങ്കളാഴ്ച സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നിതീഷ് കുമാര്‍ ‘സോഷ്യലിസ്റ്റ്, സെക്യുലര്‍’ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ 17 ശതമാനം വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ ഒരാള്‍ പോലും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇല്ല എന്നത് അദ്ദേഹത്തിന്റെ ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു.

ഇനി മുസ്‌ലിം മന്ത്രിമാര്‍ ഉണ്ടാകണമെങ്കില്‍ സ്‌റ്റേറ്റ് ലജിസ്ലേറ്റീവ് വഴി മുസ്‌ലിം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യണം.

പ്രതിപക്ഷ നിരയില്‍ ആര്‍ജെഡിയുടെ 75 എംഎല്‍എമാരില്‍ എട്ടു പേര്‍ മുസ്‌ലിംകളാണ്. കോണ്‍ഗ്രസിന്റെ 19ല്‍ നാലു പേരാണ് മുസ്‌ലിംകള്‍. എംഐഎമ്മിന് അഞ്ചു മുസ്‌ലിം അംഗങ്ങളും ഇടതുകക്ഷികളില്‍ ഒരു മുസ്‌ലിം അംഗവുമുണ്ട്. ബിഎസ്പിയുടെ ഏക എംഎല്‍എയും മുസ്‌ലിമാണ്.

Test User: