ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ തദ്ദേശ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഒമ്പതിടങ്ങളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലേക്ക്. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ് സ്ഥാനത്ത്.
തെരഞ്ഞെടുപ്പ് നടന്ന ആറ് നഗരപാലികകളില്‍(കോര്‍പ്പറേഷന്‍) നാലിടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്. ബി.ജെ.പിക്ക് രണ്ടിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. അതേസമയം നഗരപാലികാ പരിഷത്തുകളില്‍(മുനിസിപ്പാലിറ്റി) ഏഴിടത്തും ബി.ജെ.പിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് അഞ്ചിടത്താണ് ഭരണം ലഭിച്ചത്. രാജ്ഘട്ടിലും ദേവാസിലും കോണ്‍ഗ്രസ് ബിജെപിയില്‍നിന്ന് ഭരണം തിരിച്ചുപിടിച്ചു. അനുപ്പൂരില്‍ ബിജെപി വിമതനാണ് പ്രസിഡന്റ്. ആദിവാസി മേഖലകളായ മാനാവറിലും, ധാറിലും ബര്‍വാനിയിലും കോണ്‍ഗ്രസ് തന്നെ ജയിച്ചു. പ്രചാരണത്തിനിടെ ബി.ജെ.പി സ്ഥാനര്‍ത്ഥി ദിനേഷ് ശര്‍മ്മക്ക് ചെരുപ്പുമാല ഇടാന്‍ ശ്രമിച്ച സംഭവം പോലുമുണ്ടായിരുന്നു. എങ്കിലും ദിനേഷ് ശര്‍മ്മ ഇവിടെ ജയിച്ചു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ച വെക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവെക്കുന്ന ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ബി.ജെ.പിയുടെ ഏറ്റവും തിളക്കം കുറഞ്ഞ ജനവിധിയും.
2003 മുതല്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. മുതിര്‍്ന്ന കോണ്ഗ്രസ് നേതാക്കളൊന്നും പ്രചരണത്തിനെത്താതിരുന്നിട്ടും ജനങ്ങള്‍ കൂടെനിന്നത് വലിയ ശുഭസൂചനയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങിന്റെ മകന്‍ ജയവര്‍ധന്‍ സിങാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന് പിടിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ നേരിട്ട് നിരവധി റാലികളും റോഡ്‌ഷോകളും നടത്തിയിട്ടും മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് കോട്ടയായ രാഗോഘട്ടില്‍ 24ല്‍ 20 സീറ്റും കോണ്‍ഗ്രസ് നേടി. ബിജെപി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.