ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയെ തുടച്ചുമാറ്റിയ ജനകീയ കൊടുങ്കാറ്റില്‍ കടപുഴകി വന്‍മരങ്ങളും. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിലെ 12 മന്ത്രിമാര്‍ തോറ്റമ്പി. 2018ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിനുവേണ്ടി കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയ പതിനേഴ് എം.എല്‍.എമാരില്‍ 14 പേരെയും കര്‍ണാടകയിലെ വോട്ടര്‍മാര്‍ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് അനുകൂല തരംഗത്തില്‍ ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും നിരവധി പ്രമുഖര്‍ക്ക് തോല്‍വി നേരിട്ടു.
ബെല്ലാരി-93ല്‍ ഗതാഗത മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ ശ്രീരാമലു പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.നാഗേന്ദ്രയാണ് ഇവിടെ വിജയിച്ചത്. ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ഗംഗാവതി മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച സഹോദരങ്ങളും പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയുടെ തോല്‍വിയാണ് ശ്രദ്ധേമായ മറ്റൊരു പരാജയം. രണ്ട് പതിറ്റാണ്ടിലേറെയായി ജെ.ഡി.എസ് കുത്തകയാക്കിവെച്ചിരുന്ന രാമനഗര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എച്ച.എ ഇഖ്ബാല്‍ ഹുസൈനോടാണ് അദ്ദേഹം പരാജയപ്പെട്ടത്.
നിഖില്‍ കുമാരസ്വാമിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കം കൂടിയായിരുന്നു ഇത്. ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ബെംഗളൂരു മുന്‍ പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ സമീര്‍ അഹ്മദ് ഖാനാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പില്‍ ചേര്‍ന്നത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഹൂബ്ലി ധര്‍വാദ് സെന്‍ട്രല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ് തെങ്കിനകായി ആണ് ഇവിടെ വിജയിച്ചത്.