X
    Categories: MoreViews

ലാലീഗില്‍ ഗോള്‍ ക്ഷാമം ; സൂപ്പര്‍ താരങ്ങള്‍ കിതക്കുന്നു ക്രിസ്റ്റിയാനോക്കൊപ്പം സുവാരസും ഗ്രീസ്മാനും

മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര്‍ ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്‌ലറ്റികോ മാഡ്രിഡിന്റെ മിന്നും താരം ആന്റണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഗോളിനായി ലീഗില്‍ തപ്പി തടയുന്നത്.

ലോക ഫുട്‌ബോളര്‍ പട്ടം അഞ്ചാംവട്ടം സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റെണാള്‍ഡോ ഏഴു കളികളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് റയല്‍ മാഡ്രിഡിനായി നേടിയത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗോള്‍ ക്ഷാമത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഷുഭിതനായ റൊണാള്‍ഡോ എന്റെ മികവിനെ പറ്റിയും കണക്കുകളെപ്പറ്റിയും നിങ്ങളോട് പറയാന്‍ ഞാനില്ല. നിങ്ങള്‍ക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ എല്ലാം മനസ്സിലാകും എന്നാണ് പറഞ്ഞത്. കഴിഞ്ഞവാരം ലാസ്പല്‍മാസിനെതിരെ ലീഗില്‍ റയല്‍ ജയിച്ചപ്പോള്‍ ഗോള്‍ നേടാനാവത്തതില്‍ നിരാശപൂണ്ട റൊണാള്‍ഡോ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

2015-16 സീസണില്‍ മെസ്സിയേയും റൊണാള്‍ഡോയേയും പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ട് സ്വന്തം മാക്കിയ ബാര്‍സിലോണയുടെ ഉറുഗ്വെയ്ന്‍ താരം ലൂയിസ് സുവാരസാണ് ഗോള്‍ ക്ഷാമം നേരിടുന്ന മറ്റൊരു പ്രമുഖന്‍. സെവിയ്യക്കെതിരായ മത്സരത്തോടെ ലീഗില്‍ സുവാരസ് ഗോള്‍ നേടാത്ത അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായി. ലീഗില്‍ ഇതുവരെ മൂന്നു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. 2015-16 സീസണില്‍ നാല്‍പ്പതും, 2016-17 സീസണില്‍ ഇരുപത്തിയെമ്പത് ഗോളുമായി തിളങ്ങിയ താരമാണ് സുവരാസ്.

അത്‌ലറ്റികോയുടെ ഗോള്‍ മെഷീനും കഴിഞ്ഞ സീസണില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മൂന്നാമനുമായ ഫ്രഞ്ച് താരം ആന്റണിയോ ഗ്രീസ്മാനും നടപ്പു സീസണില്‍ ഗോളിനായി ഗ്രൗണ്ടില്‍ നെട്ടോട്ടം ഓടുകയാണ്. ഒമ്പതികളിയില്‍ നിന്നായി വെറും രണ്ടു ഗോളാണ് ഗ്രീസ്മാന്‍ നേടിയത്. ഫോം നഷ്ടമായ ഗ്രീസ്മാനെ കഴിഞ്ഞ കളിയില്‍ പരിശീലകന്‍ സിമോണി സബ്‌സ്റ്റിറ്റിയൂട്ട്‌
ചെയതിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി നാല്‍പ്പതിലധികം ലീഗ് ഗോളുകള്‍ ഗ്രീസ് നേടിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ കൂടുതല്‍ ഗോളുമായി ത്രീമൂര്‍ത്തികള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രമുഖര്‍ ഗോളിനായി വിഷമിക്കുമ്പോള്‍ ബാര്‍സിലോണയുടെ അര്‍ജന്റീനന്‍ താരം 12 ഗോളുമായി തേരോട്ടം തുടരുകയാണ്. വലന്‍സിയുടെ ഇറ്റലി താരം സിമോണി സാസയാണ് (ഒമ്പത് ഗോള്‍) സ്വര്‍ണ ബൂട്ടിനായുള്ള പോരാട്ടത്തില്‍ രണ്ടാമത്.

chandrika: