നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്‍ നാലും തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലുള്ള ഒരു സീറ്റ് നിലനിര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
തൃണമൂല്‍ സിറ്റിങ് സീറ്റായ മണിക്തലയില്‍ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്തിയെ ആണ് ഇത്തവണ തൃണമൂല്‍ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളില്‍ 2021-ല്‍ ബിജെപിയായിരുന്നു വിജയിച്ചത്. ഇവിടുത്തെ എംഎല്‍എമാര്‍ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മണിക്തലമണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുപ്തി പാണ്ഡെ വിജയിച്ചു. റായ്ഗഞ്ച് മണ്ഡലത്തില്‍ തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. 50077 ഭൂരപക്ഷത്തിലായിരുന്നു ജയം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന കൃഷ്ണ കല്യാണി ബി.ജെ.പി. വിട്ട് തൃണമൂലില്‍ ചേര്‍ന്ന് മത്സരിക്കുകയായിരുന്നു.
ദക്ഷിണ രണഘട്ട് മണ്ഡലത്തില്‍ തൃണമൂലിന്റെ മുകുത് മണി അധികാരി വിജയിച്ചു. 39048 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന മുകുത് മണി, പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേരുകയായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി മനോജ് കുമാര്‍ ബിശ്വാസ് രണ്ടാം സ്ഥാനത്തെത്തി. സി.പി.എം. സ്ഥാനാര്‍ഥി അരവിന്ദം ബിശ്വാസ് മൂന്നാമതായി. ബാഗ്ദാ മണ്ഡലത്തില്‍ തൃണമൂലിന്റെ മധുപര്‍ണ ഠാക്കൂര്‍ വിജയിച്ചു. 33455 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ഥിക്ക്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്.