X

ഭക്ഷ്യവിഷബാധയില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവ്; ഇതുവരെ ചികിത്സ തേടിയത് 411 പേര്‍

മഴക്കാലമായതോടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇനി വലിയ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കോളറയും ഷിഗെല്ലയുമടക്കം ജലജന്യരോഗങ്ങള്‍ ജില്ലയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ട് ആരോഗ്യവകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് ഈ വര്‍ഷം ഇതുവരെ 411 പേരാണ് ചികിത്സ തേടിയത്. കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച എട്ട് സംഭവങ്ങളിലാണിത്. ഒറ്റപ്പെട്ടവ ഇതിന് പുറമെയാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്ഷ്യ വിഷബാധ വര്‍ദ്ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷം 24 പേര്‍ക്ക് കോളറയും മൂന്ന് പേര്‍ക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ടൈഫോയ്ഡും ബാധിച്ചു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കിയതിനാല്‍ മരണം തടയാനായി.

ജനുവരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടിടത്തായി 85 പേര്‍ ചികിത്സ തേടി. തേഞ്ഞിപ്പാലത്ത് ഗൃഹപ്രവേശന സല്‍കാരത്തിനിടെ 60 പേര്‍ക്കും അങ്ങാടിപ്പുറത്ത് 25 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. അങ്ങാടിപ്പുറത്ത് കാറ്ററിംഗ് ഫുഡായിരുന്നു. ഇതില്‍ അഞ്ച് പേരില്‍ നോറ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇത് മുതിര്‍ന്നവരെ കാര്യമായി ബാധിക്കില്ലെങ്കിലും കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാം.

മാര്‍ച്ചില്‍ മൂന്നിടത്തായി 119 പേരാണ് ചികിത്സ തേടിയത്. വഴിക്കടവില്‍ ജലനിധി പൈപ്പ് ലൈന്‍ വെള്ളത്തിലൂടെ 24 പേര്‍ക്ക് കോളറയുണ്ടായി. 69 പേരാണ് കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നത്. എടരിക്കോടില്‍ ഗൃഹപ്രവേശന സത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 30 പേരില്‍ മൂന്ന് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തു.

മൂത്തേടത്ത് കല്യാണവിരുന്നിനിടെ 40 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാള്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. ഏപ്രിലില്‍ രണ്ടിടത്തായി 59 പേര്‍ക്കാണ് ഹോട്ടല്‍ ഭക്ഷണത്തിലൂടെ ഭക്ഷ്യവിഷ ബാധയേറ്റത്. പൊന്മളയില്‍ 19ഉം എ.ആര്‍ നഗറില്‍ 23 പേരും ചികിത്സ തേടി. എ.ആര്‍ നഗറില്‍ ഷിഗെല്ലയും സാല്‍മോണെല്ലയും സ്ഥിരീകരിച്ചു. മേയില്‍ കാലടിയില്‍ വിവാഹ വിരുന്നിനിടെ കുടിവെള്ളത്തിലൂടെ 145 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് ഷിഗെല്ലയും ആറ് പേരില്‍ നോറോ വൈറസിന്റെയും സാന്നിദ്ധ്യം കണ്ടെത്തി.

വഴിക്കടവില്‍ കോളറ പരത്തിയ കാരക്കോടന്‍ പുഴയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ പരിസരം വീണ്ടും മലിനമായിട്ടുണ്ട്. ഇവിടത്തെ ജലനിധി കിണര്‍ ശുദ്ധീകരിച്ച് ക്ലോറിനേഷന്‍ നടത്തിയിരുന്നു. എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യും മുമ്പ് ക്ലോറിനേഷന്റെ അളവ് പരിശോധിക്കാന്‍ മോണിറ്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എന്നാല്‍ ഇതെല്ലാം പേരിലൊതുങ്ങിയതോടെ ജലനിധി കിണറിലേക്ക് വീണ്ടും മലിനജലം ഇറങ്ങുന്ന സാഹചര്യമാണ്.

ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും കോളറ പടരാനുള്ള സാഹചര്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മലീനീകരണം തടയാന്‍ ജലനിധി, പഞ്ചായത്ത് അധികൃതര്‍ ഇതുവരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല.

webdesk14: