ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പി.എസ്.ജിക്ക് വെല്ലുവിളിയുമായി ഏ.സി മിലാന്. പി.എസ്.ജിക്കാരുടെ തട്ടകമായ പാര്‍ക്ക് പ്രിന്‍സസിലാണ് അങ്കം. ചാമ്പ്യന്‍സ് ലീഗ് കിരീടം അകന്നു നില്‍ക്കുന്നതാണ് പി.എസ്.ജിയുടെ പ്രശ്നം. മെസിയും നെയ്മറും കളിച്ചിരുന്ന കാലത്ത് പോലും ലഭിക്കാതിരുന്ന വന്‍കരാ കിരീടം സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തില്‍ ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. മിലാനുകാര് പോയ സീസണില്‍ ഗംഭീര മികവ് പ്രകടിപ്പിച്ചവരാണ്. ഗ്രൂപ്പ് എഫിലാണ് ഈ മല്‍സരം.
ഇതേ ഗ്രൂപ്പില്‍ ന്യുകാസില്‍ യുനൈറ്റഡ് ബൊറുഷ്യ ഡോര്ട്ടുമണ്ടുമായി കളിക്കുന്നുണ്ട്. ഗ്രൂപ്പ് ഇ യില്‍ ഇന്ന് ഫെയനൂര്‍ദ് ലാസിയോയയും സെല്‍റ്റിക് അത്ലറ്റികോ മാഡ്രിഡിനെയും നേരിടുമ്പോള്‍ ജി യില്‍ ആര്.ബി ലൈപ്സിഗ് റെഡ് സ്റ്റാര്‍ ബെല്ഗ്രേഡുമായും യംഗ് ബോയ്സ് മാഞ്ചസ്റ്റര്‍ സിറ്റിയുമായും പോരടിക്കും. ശക്തരായ ബാര്‍സിലോണയും ഇന്ന് മൈതാനത്തുണ്ട്. സ്വന്തം വേദിയില്‍ അവര്‍ ഷാക്തര്‍ ഡോണ്സ്റ്റക്കിനെയാണ് എതിരിടുന്നത്. പോര്‍ച്ചുഗല്‍ ക്ലബായ എഫ്.സി പോര്‍ട്ടോ റോയല്‍ ആന്വെര്പ്പുമായും ഇന്ന് പന്ത് തട്ടും.