പാരിസ്: ലോകഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയുമൊന്നുമല്ലെന്നാണ് ഫുട്‌ബോള്‍ നിരീക്ഷണ അക്കാദമിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി.ഐ.ഇ.എസ് (സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ്) ഫുട്‌ബോള്‍ നിരീക്ഷണ അക്കാദമി നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത് യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോളര്‍ ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം നെയ്മറാണെന്നാണ്.
216 ദശലക്ഷം പൗണ്ടാണ് നെയ്മറുടെ മൂല്യം. ഇതിന് തൊട്ടുപിന്നിലായി 149 ദശലക്ഷം പൗണ്ട് മൂല്യവുമായി മെസിയുണ്ട്. എന്നാല്‍ ബാലണ്‍ ഡി ഓറും, ഫിഫയുടെ ബെസ്റ്റ് പ്ലെയറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 111 ദശലക്ഷം പൗണ്ടുമായി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നൂറ് ദശലക്ഷം പൗണ്ടിന് മുകളില്‍ പത്ത് പേര്‍ മാത്രമേയുള്ളൂ. റയല്‍ മാഡ്രിഡ് താരമായ ഗാരെത് ബെയ്ല്‍ 73.8 ദശലക്ഷം പൗണ്ടുമായി പതിനാലാം സ്ഥാനത്തുണ്ട്. റയല്‍മാഡ്രിഡ് ക്ലബ്ബ് ബെയ്‌ലിന് ട്രാന്‍സ്ഫറില്‍ നല്‍കിയ മൂല്യം 85.3 ദശലക്ഷം പൗണ്ടാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബയുടെ മൂല്യം 136.4 ദശലക്ഷം പൗണ്ടാണ്.
യുവന്റസില്‍ നിന്ന് പോഗ്ബയെ 89 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറിലാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ഈ പട്ടികയിലെ ആദ്യ അഞ്ച് പേരില്‍ നാല് പേരും സ്പാനിഷ് ലാ ലിഗ താരങ്ങളാണ്. പുറമെ നിന്നുള്ള ഏക താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിക്കുന്ന പോള്‍ പോഗ്ബയാണ്. ബാഴ്‌സ താരങ്ങളായ നെയ്മറും മെസിയും കഴിഞ്ഞാല്‍ പോഗ്ബക്കാണ് മൂല്യം. നാലാംസ്ഥാനത്ത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോയിന്‍ ഗ്രീസ്മാന്‍ (132 ദശലക്ഷം പൗണ്ട്).
അഞ്ചാം സ്ഥാനം ബാഴ്‌സയുടെ ലൂയിസ് സുവാരസിന് (12 ദശലക്ഷം പൗണ്ട്). അതേസമയം ഏറ്റവും മൂല്യമുള്ള ആദ്യ നൂറ് കളിക്കാരില്‍ നാല്‍പ്പത്തിരണ്ട് പേരും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നാണ്. ചെല്‍സിയുടെ ഏദന്‍ ഹസാഡ് (89 ദ.പൗണ്ട്), മാഞ്ചസ്റ്ററിന്റെ ആന്റണി മാര്‍ഷ്വല്‍ (81 ദ. പൗണ്ട്), സിറ്റിയുടെ റഹീം സ്‌റ്റെര്‍ലിങ് (75 ദ. പൗണ്ട്), ലീസസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി (45 ദ. പൗണ്ട്) എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ആദ്യ പത്തില്‍ ഇടം നേടിയത് രണ്ട് ഇംഗ്ലണ്ട് താരങ്ങളാണ്.
ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹാരി കീനും (122 ദശലക്ഷം പൗണ്ട്), ദലെ ആലീയും (96 ദശലക്ഷം പൗണ്ട്). താരങ്ങളുടെ മൂല്യം അക്കാദമിക് സംഘം കണക്കാക്കുന്നത് പല വിഷയങ്ങള്‍ പഠിച്ചിട്ടാണ്. ഒരു താരത്തിന്റെ നിലവിലെ ട്രാന്‍സ്ഫര്‍ മൂല്യം, ഇപ്പോഴത്തെ ഫോം, കരാര്‍ കാലാവധിയുടെ ദൈര്‍ഘ്യം, പരുക്ക്, പ്രായം എന്നിവയെല്ലാം പരിഗണിച്ചു കൊണ്ടുള്ള ട്രാന്‍സ്ഫര്‍ വാല്യൂ ആല്‍ഗരിതം ഉപയോഗിച്ചാണ് മൂല്യ നിര്‍ണയം നടത്തുന്നത്.