തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 870 കോടി രൂപയുടെ നഷ്ടം. അഞ്ച് ചെറുകിട നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. ഉല്‍പാദന-വിതരണ ഉപകരണങ്ങള്‍ തകര്‍ന്നതിനാല്‍ 350 കോടി രൂപയുടെ നഷ്ടവും വൈദ്യുതി വിതരണം തടസ്സപ്പെട്ടത് കാരണം 470 കോടി രൂപയുടെ വരുമാന നഷ്ടവും ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. അഞ്ച് ഉല്‍പാദനനിലയങ്ങളും 28 സബ്‌സ്റ്റേഷനുകളും അടച്ചിടേണ്ടിവന്നു. പതിനായിരം ട്രാന്‍സ്‌ഫോമറുകള്‍ ഓഫ് ചെയ്യേണ്ടിവന്നു. ഇതില്‍ 4500 ട്രാന്‍സ്‌ഫോമറുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. 1200 ട്രാന്‍സ്‌ഫോമറുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാന്‍ ഓപ്പറേഷന്‍ റീ കണക്ട് എന്ന പേരില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചുവെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വിതരണ വിഭാഗം ഡയരക്ടറുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും ഇതിനായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
വിരമിച്ച ജീവനക്കാര്‍, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍, പവര്‍ഗ്രിഡ് എന്‍.ടി.പി.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കും. കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പെടുത്തി ഒരു ലൈറ്റ് പോയിന്റും പ്ലഗ് പോയിന്റും മാത്രമുള്ള താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താനും കെ.എസ്.ഇ.ബി തീരുമാനിച്ചു.