തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം ജീവനക്കാരായ 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് കഴിഞ്ഞ ആഴ്ച പുറത്താക്കപ്പെട്ടത്. രണ്ടാഴ്ചക്കിടെ ആകെ പിരിച്ചുവിടപ്പെട്ടത് 867 പേരാണ്. ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ആദ്യമാണ്.
അവധിയെടുത്ത് വിദേശത്ത് പോയവരാണ് പിരിച്ചുവിടപ്പെട്ടവരില്‍ ഏറെയും. ജോലിക്ക് ഹാജരാകണമെന്ന് കാട്ടി തുടര്‍ച്ചയായി കത്തുകളയച്ചിട്ടും പ്രതികരിക്കാത്തവരെയാണ് കോര്‍പറേഷന്‍ പുറത്താക്കിയത്. ചിലര്‍ തിരികെ ജോലിക്കെത്താന്‍ സമയം ആവശ്യപ്പെട്ടത് കെ.എസ്.ആര്‍.ടി.സി അംഗീകരിച്ചിരുന്നു. എന്നിട്ടും തിരികെ എത്താതിരുന്നവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടതെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. അടുത്തഘട്ടത്തില്‍ ജോലിക്കെത്താത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരേയും പിരിച്ചുവിടാനാണ് നീക്കം. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട എല്ലാവരും അഞ്ച് വര്‍ഷത്തെ ശുന്യവേതനാവധിക്ക് ശേഷം അനധികൃതമായി അവധിയില്‍ തുടരുന്നവരാണ്. കോര്‍പറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്കു ദീര്‍ഘകാല അവധിയെടുക്കാം. എന്നാല്‍ പുറംജോലിക്കായി അവധിക്ക് അപേക്ഷിക്കുമ്പോള്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ തിരികെ ജോലിക്കു ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് അവധി നല്‍കുന്നത്.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത പലരും വ്യാജരേഖകള്‍ അടക്കം മെഡിക്കല്‍ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി പിന്നീട് സര്‍വീസില്‍ പുന:പ്രവേശിക്കുകയും സര്‍വ്വീസ് ആനുകൂല്യങ്ങളും പെന്‍ഷനും അനര്‍ഹമായി നേടിയെടുക്കുകയും ചെയ്യുന്നത് പതിവാണ്. കെ.എസ്.ആര്‍.ടി.സിക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. മാത്രമല്ല, നിലവിലെ പേ റോള്‍ അനുസരിച്ച് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ജീവനക്കാര്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ട്. എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ അനധികൃതമായി അവധിയില്‍ പോകുന്നതിനാല്‍ ജീവനക്കാരുടെ കുറവ് സര്‍വീസിനെ ബാധിക്കുന്നുണ്ട്. അനധികൃതമായി അവധിയെടുത്ത് മുങ്ങിനടക്കുന്നവരെ ഒഴിവാക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയിലും ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ദേശീയ ശരാശരിക്കനുസരിച്ച് ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് സി.എം.ഡി ടോമിന്‍ തച്ചങ്കരി അവകാശപ്പെട്ടു.