വിഎസ്എസ്‌സിയിലെ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ്. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. പരീക്ഷാ തട്ടിപ്പിന് പുറമേ ആള്‍മാറാട്ടവും നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
അറസ്റ്റിലായ പ്രതികള്‍ ആള്‍മാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് പറഞ്ഞു. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് പിടിയിലായ പ്രതികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ത്ഥ പേര് മനോജ് കുമാര്‍ എന്നാണ്. സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍ എന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി.
വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് ആള്‍മാറാട്ടം നടത്തിയവര്‍. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണ് തട്ടിപ്പ് സംഘത്തെ നയിക്കുന്നത്.
ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങും. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ഇയാള്‍ക്ക് സംഘമുണ്ട്. അതില്‍പ്പെട്ടവരാണ് തിരുവനന്തപുരത്ത് പിടിയിലായത്.
ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും. ഉദ്യോഗാര്‍ത്ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് പതിവുരീതി.
മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഏജന്റുമാര്‍ക്ക് അയച്ചു കൊടുക്കും. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്.