X
    Categories: MoreViews

പഞ്ചാബിന് ജയം; നാണം കെട്ട തോല്‍വിയുമായി ബാംഗ്ലൂര്‍

രാജ്‌കോട്ട്: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ഇലവന് 26 റണ്‍സിന്റെ ജയം. രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ബൗളിംഗ് മികവില്‍ ബാംഗ്ലൂരിനെ 82 റണ്‍സിന് തരിപ്പണമാക്കി. കൊല്‍ക്കത്ത നേടിയ 131 നെതിരെ ബാംഗ്ലൂര്‍ 49 റണ്‍സിന് എല്ലാവരും പുറത്തായി. നീല്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് കോലിയുടെ ടീമിനെ തുരത്തിയത്. ഐ.പി.എല്‍ ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌ക്കോറാണിത്. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് മുന്നോട്ടു വെച്ച 189 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സിന്റെ പോരാട്ടം ഏഴ് വിക്കറ്റിന് 162 റണ്‍സില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ 44 പന്തില്‍ 58 എന്ന ഒറ്റയാള്‍ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങാതെ പോയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ റെയ്‌ന 24 പന്തില്‍ 32 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലവും (06), ആരോണ്‍ ഫിഞ്ചും (13) പുറത്തായതോടെ പ്രതിരോധത്തിലായ ഗുജറാത്തിന് പിന്നീട് ഒരു ഘട്ടത്തിലും കര കയറാനായില്ല. പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മ, കരിയപ്പ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനു വേണ്ടി ഒരിക്കല്‍ കൂടി ഹാഷിം ആംല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. 40 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 65 റണ്‍സെടുത്ത ആംലക്കു പുറമെ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (31), ഷോണ്‍ മാര്‍ഷ് (30), അക്‌സര്‍ പട്ടേല്‍ (34) എന്നിവര്‍ മികവ് പ്രകടിപ്പിച്ചു. ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത സുനില്‍ നരേന്റെ വെടിക്കെട്ടിലും 131 റണ്‍സാണ് നേടിയത്. പക്ഷേ മറുപടിയില്‍ വിരാത് കോലിയുടെ ടീം 9.4 ഓവറില്‍ 49 ല്‍ പുറത്തായി. കൊല്‍ക്കത്തക്ക് 82 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

chandrika: