ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: അനുകരണകലയുടെ അരങ്ങില്‍ പൊട്ടിച്ചിരിക്ക് തിരികൊളുത്തുകയും വെള്ളിത്തിരയില്‍ തന്റെ സര്‍ഗാത്മകത അടയാളപ്പെടുത്തുകയും ചെയ്ത കലാകാരനായിരുന്നു അബി. ആമിനതാത്ത എന്ന നാട്ടിന്‍പുറത്തുകാരിയായ മുസ്‌ലിം സ്ത്രീയിലൂടെ ഹാസ്യത്തിന് പുതിയ നിര്‍വചനം എഴുതിച്ചേര്‍ത്താണ് മിമിക്രി വേദികളില്‍ അദ്ദേഹം ശ്രദ്ധേയനായത്. തന്റെ കുടുംബത്തില്‍ തന്നെയുള്ള ഒരു സ്ത്രീയുടെ ശബ്ദവും ഭാവവും മാനറിസങ്ങളും സ്വഭാവ വൈകല്യങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് അബി ‘ആമിനതാത്ത’ യെ സൃഷ്ടിച്ചത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഹാസ്യ പരമ്പരയിലൂടെ ആമിനതാത്ത മലയാളിക്ക് പ്രിയങ്കരിയായി. തനി നാടന്‍ ശബ്ദശൈലിയും നാട്ടിന്‍പുറത്തെ മുസ്‌ലിം സ്ത്രീകളുടെ പെരുമാറ്റവും അക്ഷരാര്‍ത്ഥത്തില്‍ അബി ഒപ്പിയെടുക്കുകയായിരുന്നു. മിമിക്രി കലാകാരന്‍ എന്ന നിലയില്‍ അബിയെ പ്രശസ്തനാക്കിയ കഥാപാത്രമായിരുന്നു അത്. ആമിനതാത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ആമിനതാത്തയെ പിന്നീട് സാജു കൊടിയന്‍ അടക്കമുള്ള പല മിമിക്രി കലാകാരന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചിരുന്നു.
ഓണത്തിന്റെ ഗൃഹാതുരതയും മാവേലിപ്പാട്ടിന്റെ ഈണവും മലയാളി നെഞ്ചിലേറ്റിയ ഒരു കാലത്തായിരുന്നു അബിയും കൂട്ടുകാരും കോമഡി ഓഡിയോ കാസറ്റുമായി എത്തുന്നത്. നാദിര്‍ഷായും ദിലീപുമായിരുന്നു അബിക്കൊപ്പം സജീവമായുണ്ടായിരുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ ഓണക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന കാസറ്റായിരുന്നു. മാവേലിയായി ഇന്നസെന്റിനെയും മാവേലിയുടെ സഹായായി എത്തുന്ന ഡ്യൂപ്പ് എന്ന കഥാപാത്രത്തെ ജഗതി ശ്രീകുമാറായും സങ്കല്‍പിച്ച് അവരെ അനുകരിച്ചായിരുന്നു കോമഡി തയാറാക്കിയിരുന്നത്. ഇതില്‍ മാവേലിയോട് സങ്കടങ്ങളും മണ്ടത്തരങ്ങളും വിളിച്ചുപറയുന്ന കഥാപാത്രമാണ് ആമിനതാത്ത.
മുസ്‌ലിം കഥാപാത്രമായ സാധാരണ നാട്ടിന്‍പുറത്തുകാരി മുതല്‍ ചലച്ചിത്രവേദിയിലെ ബിഗ് ബി ആയ അമിതാഭ് ബച്ചന്‍ വരെ അബിയുടെ കൈയില്‍ ഭദ്രമായിരുന്നു. ആമിനത്താത്തയെ അവതരിപ്പിച്ച് കയ്യടി നേടിയ അബി ബിഗ് ബി അഭിനയിച്ച മലയാള പരസ്യങ്ങളിലെല്ലാം ശബ്ദം നല്‍കി. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു അബി മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ തലവനായി മാറുകയായിരുന്നു. മമ്മൂട്ടിയുടെ ശബ്ദവും ഭാവവും അനുകരിച്ചാണ് ഒരു കാലത്ത് അബി ഏറെ ശ്രദ്ധേയനായത്. 1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അബി സിനിമാ ലോകത്തേക്ക് കടന്നു. തുടര്‍ന്ന് 50ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അബി പിന്നീട് ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി. താന്‍ ആരോടും അവസരം ചോദിച്ച് പിന്നാലെ നടന്നില്ലെന്നായിരുന്നു ഇതിന് അദ്ദേഹത്തിന്റെ മറുപടി.
തനിക്ക് ആരും അര്‍ഹിക്കുന്ന പരിഗണന തന്നില്ല എന്നത് സത്യമാണ്. അതില്‍ തന്റെ പിഴവും കാണും. താന്‍ മദ്യപിക്കില്ല. പിന്നാലെ ചാന്‍സ് ചോദിച്ചുകൊണ്ട് നടക്കുന്ന ശീലവും ഇല്ല. അതുകൊണ്ടാവാം താന്‍ തഴയപ്പെട്ടത് എന്നായിരുന്നു അബിയുടെ വെളിപ്പെടുത്തല്‍. തനിക്കെതിരെ ഉയര്‍ന്ന പാരകള്‍ തടയാന്‍ ആരുമില്ലാതിരുന്നതും തടസമായെന്നും അബി തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം ലാല്‍ ജോസിനെ പോലെയുള്ള ചുരുക്കം ചിലര്‍ തന്നെ സഹായിച്ചതായും അബി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നീട് ഒരിടവേളക്ക് ശേഷം ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്. ചിരിച്ചും ചിന്തിപ്പിച്ചും മലയാളിയുടെ കൂട്ടുകാരനായി നിറഞ്ഞുനിന്ന കലാകാരനാണ് അകാലത്തില്‍ വിടപറഞ്ഞത്.