മുന്‍ കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യനാക്കിയ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 15 സീറ്റുകളില്‍ ഒക്ടോബര്‍ 21 നാണ് വോട്ടിങ് നടക്കുക. സെപ്റ്റംബര്‍ 30താണ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 24 ന് വോട്ടെണ്ണലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആണ്.
തെരഞ്ഞടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ അധികാരത്തില്‍ തുടരാന്‍ കുറഞ്ഞത് ആറ് സീറ്റുകളെങ്കിലും നേടേണ്ട ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ്.
കഴിഞ്ഞ ജൂലൈയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നും ് ജെഡിയുവില്‍ നിന്നും പുതിയ നേതാക്കളാണ് മണ്ഡലങ്ങള്‍ മത്സരിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്ന്നതോടെ അയോഗ്യരായ 15 എംഎല്‍എമാര്‍ക്ക് ഇനി മത്സരിക്കാനാവില്ലെന്ന് ഉറപ്പായി.
നിലവിലെ കര്‍ണാടക നിയമസഭാ കാലാവധിയായ 2018 മുതല്‍ 2023 വരെയുള്ള കാലത്തിലാണ് 17 വിമത എംഎല്‍എമാരെ കര്‍ണാടക മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വേദിയൊരുങ്ങിയ വിശ്വാസ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് സ്പീക്കര്‍ അയോഗ്യത പ്രഖ്യാപിച്ചത്.
ഗോകക്, അധാനി, റാണെബന്നൂര്‍, കഗ്വാഡ്, ഹിരേക്കെറൂര്‍, യെല്ലാപൂര്‍, യശ്വന്ത്പുര്‍, വിജയനഗര്‍, ശിവാജിനഗര്‍, ഹൊസാകോട്ടെ, ഹുന്‍സൂര്‍, കൃഷ്ണരാജ്പേട്ട്, മഹാലക്ഷ്മി ലേഔട്ട്, കെ ആര്‍ പുര്‍, ചിക്കബല്ലപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ അയോഗ്യരായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുനിരത്നയുടെ ആര്‍ആര്‍ നഗറിനും, പ്രതാപ് ഗൗഡ പാട്ടീലിന്റെ മണ്ഡലമായ മാസ്‌ക്കിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം 17 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ദള്ളുമായു സഖ്യമില്ലാതെ തനിച്ചു മത്സരിക്കുമെന്ന നിലപാടിലാണ് കര്‍ണാടക കോണ്‍ഗ്രസ്.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളില്‍ 13 എണ്ണം സിറ്റിംഗ് സീറ്റുകളാണെന്നതാണ് കോണ്‍ഗ്രസിനെ തനിയെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അധികാരം പിടച്ചടിക്കിയ ബിജെപി സര്‍ക്കാറിനെ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്-ദള്‍ സഖ്യം പുറത്താക്കുമെന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സഖ്യം വേണമെന്നാണ് ജെഡിഎസ് പക്ഷം. സഖ്യമായി മത്സരിക്കാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ സന്നദ്ധത പ്രകടിപ്പിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന കോണ്‍ഗസ് നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടി കലഹം നടക്കുന്ന ദളുമായുള്ള സഖ്യം ക്ഷീണമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളിലെ പൊതുവികാരം. ദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുമായി പാര്‍്ട്ടി എംഎല്‍എമാര്‍ക്കിയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉള്ളത് പരസ്യമായതും ദളിനെ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്. മൂന്നു മണ്ഡലങ്ങള്‍ മാത്രമാണ് ദളിന്റെ സിറ്റിങ് സീറ്റ്.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കഴിഞ്ഞമാസം മുതലേ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. കൂടാതെ ജനകീയ നേതാവായ ഡികെ ശിവകുമാറിന്റെ അറസ്റ്റും രാഷ്ടീയ പ്രചാരണത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് ആയുധമാവും. അതേസമയം സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു വ്യക്തമാക്കി.