X
    Categories: Newsworld

ഫലസ്തീനുള്ള സഹായം പുനസ്ഥാപിക്കും, ഇസ്രാഈല്‍ ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണം; ട്രംപിനെ തിരുത്തി ബൈഡന്‍

വാഷിംഗ്ടണ്‍: ഇസ്രാഈല്‍- ഫലസ്തീന്‍ തര്‍ക്കങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ തിരുത്തി പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രാഈല്‍, ഫലസ്തീന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം കാണുക എന്ന നിര്‍ദേശത്തെ ബൈഡന്‍ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യു.എസ് പ്രതിനിധി സെക്യൂരിറ്റി കൗണ്‍സിലിനോട് വ്യക്തമാക്കി.

1967ല്‍ യുദ്ധത്തിലൂടെ ഇസ്രാഈല്‍ പിടിച്ചെടുത്ത ഭാഗങ്ങളും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും അടങ്ങുന്ന ഭൂഭാഗങ്ങളെയെല്ലാം ചേര്‍ത്ത് രാജ്യമായി പ്രഖ്യാപിക്കണമെന്നതാണ് ഫലസ്തീന്റെ ആവശ്യം. കിഴക്കന്‍ ജെറുസലേം ഫലസ്തീന്റെ തലസ്ഥാനമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഫലസ്തീന്റെ ഈ ആവശ്യത്തെ അവഗണിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ സമാധാന കരാര്‍.

ഇപ്പോള്‍ ട്രംപിന്റെ ഈ നിലപാടുകളെയെല്ലാം പുറന്തള്ളി കൊണ്ടാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്. ‘ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിനോടും ഫലസ്തീനോടും ആവശ്യപ്പെടും. രണ്ട് രാജ്യങ്ങളെന്ന പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഭൂഭാഗങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭാഗമാക്കല്‍, പാര്‍പ്പിടങ്ങള്‍ പണിയല്‍, ആക്രമണത്തിന് പ്രേരിപ്പിക്കല്‍, വസ്തുവകകള്‍ തകര്‍ക്കല്‍, തടവിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ നടപടികളില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെടും.’ ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു.

പതുക്കെയാണെങ്കിലും ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി ഇരു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിച്ചാര്‍ഡ് മില്‍സ് കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനിനുള്ള ധനസഹായങ്ങളും നയതന്ത്ര ബന്ധവും പുനസ്ഥാപിക്കാന്‍ ബൈഡന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫലസ്തീനിയില്‍ അഭയാര്‍ത്ഥികള്‍ക്കാവശ്യമായ സഹായങ്ങല്‍ നല്‍കിയിരുന്ന യു.എന്‍ ഏജന്‍സിക്കുള്ള 360 മില്യണ്‍ ഡോളര്‍ ട്രംപ് നിര്‍ത്തലാക്കിയിരുന്നു.

ട്രംപിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഇസ്രാഈലും അറബ് രാജ്യങ്ങളുമായുള്ള നോര്‍മലൈസേഷന്‍ കരാറിന് പിന്തുണക്കുന്നുവെങ്കിലും അത് ഇസ്രാഈല്‍ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരമാകുന്നില്ലെന്നും റിച്ചാര്‍ഡ് മില്‍സ് വ്യക്തമാക്കി.

Test User: