വാഷിങ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. യു.എസ്. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
കാപ്പിറ്റോളില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
538 ഇലക്ടറല്‍ വോട്ടുകളില്‍ 306 ഉം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ബൈഡന്‍ വിജയമുറപ്പിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ട്രംപിന് 232 വോട്ടുകളെ നേടാന്‍ സാധിച്ചിരുന്നുള്ളൂ. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന എഫ്.ബി.ഐ. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.