X
    Categories: Newsworld

വാതുവയ്പ്പ് സൈറ്റുകള്‍ ബൈഡനൊപ്പം; ട്രംപ് ഭരണത്തിന് അന്ത്യമാകുന്നു?

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആഗോള വാതുവയപ്പ് വെബ്‌സൈറ്റുകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം. നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ബ്രിട്ടീഷ് സൈറ്റായ സ്മാര്‍ക്കറ്റ്‌സ് എക്‌സ്‌ചേഞ്ച് 58 ശതമാനം സാധ്യതയാണ് ബൈഡന് നല്‍കുന്നത്. ഒരു ദിവസം മുമ്പ് 80 ശതമാനം സാധ്യതയാണ് സ്മാര്‍കറ്റ്‌സ് ട്രംപിന് നല്‍കിയിരുന്നത്. ന്യൂസിലാന്‍ഡ് ആസ്ഥാനമായ പ്രഡിക്ട്‌ഐടി 63 ശതമാനം ചാന്‍സാണ് ട്രംപിന്റെ എതിരാളിക്ക് നല്‍കുന്നത്.

വിസ്‌കോന്‍സിസ് സ്‌റ്റേറ്റിലെ മികച്ച ജയത്തിന് ശേഷമാണ് വാതുവയ്പ്പ് വിപണിയില്‍ ബൈഡന് പ്രിയമേറിയത്. ഇവിടെ തൊണ്ണൂറു ശതമാനവും വോട്ടെണ്ണിയപ്പോള്‍ 49.3 ശമതാനം വോട്ടുകള്‍ ബൈഡന് ലഭിച്ചു. 49 ശതമാനം വോട്ടുകള്‍ ട്രംപിനും.

ബ്രിട്ടീഷ് ബെറ്റിങ് എക്‌സ്‌ചേഞ്ചായ ബെറ്റ്‌ഫെയര്‍ ബൈഡന് 60 ശതമാനം വിജയസാധ്യതയാണ് കല്പിക്കുന്നത്.

അതിനിടെ, തെരഞ്ഞെടുപ്പില്‍ സ്വയം വിജയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പോരാട്ടം തുടരുന്നതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇനി വോട്ടെണ്ണല്‍ തുടരുന്നത് തട്ടിപ്പിനെന്നു ട്രംപ് പറയുന്നു. തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിജയത്തിന്റെ പാതയിലാണ് താനെന്ന് ബൈഡന്‍ അവകാശപ്പെട്ടു. ഓരോ വോട്ടും എണ്ണുന്നതുവരെ കാത്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്റെ കണക്ക് പ്രകാരം 238 ഇടത്താണ് ബൈഡന്‍ മുമ്പിട്ടു നില്ക്കുന്നത്. ട്രംപ് 213 ഇടത്തും.

Test User: