വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ തോക്ക് നിയന്ത്രണ നിയമത്തിനായി കൊണ്ടുവന്ന ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. രണ്ടു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ചത്.
നേരത്തെ യുഎസ് സെനറ്റ് തോക്ക് നിയന്ത്രണ ബില്‍ പാസാക്കിയിരുന്നു. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത്. ഭരണകക്ഷിയായ ഡെമോക്രാറ്റ്‌സിനൊപ്പം 15 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്ലില്‍ അനുകൂല നിലപാടെടുത്തു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യുഎസില്‍ നിയന്ത്രണമുണ്ടാകും.
1994ലായിരുന്നു യുഎസില്‍ തോക്ക് നിയമം നിലവില്‍വന്നത്. പൊതു സ്ഥലങ്ങളില്‍ കൈത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന് യുഎസ് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു സെനറ്റില്‍ ബില്‍ പാസായത്. തോക്ക് സ്വന്തമാക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അഭിഭാഷകരുടെ വാദത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. തോക്ക് നിര്‍മ്മാണ കമ്പനികള്‍ക്ക് യുഎസില്‍ കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 2005ലാണ് ഈ നിയമം നിലവില്‍ വന്നത്. യുഎസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.