ബെംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ സ്‌കൂളുകളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍.
ബെംഗളൂരുവിലെ ക്ലാരന്‍സ് സ്‌കൂളില്‍ കുട്ടികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് നിര്‍ബന്ധമാക്കിയെന്ന ആരോപണവുമായാണ് ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയത്. ക്ലാരന്‍സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളല്ലാത്തവരെ കൊണ്ട് ബൈബിള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനയുടെ അനുഛേദം 25,30 എന്നിവയുടെ ലംഘനമാണെന്നു ഹിന്ദു ജനജാഗ്രത സമിതി വക്താവ് ഗൗഡ ആരോപിച്ചു.
അതേ സമയം തങ്ങളുടെ സ്‌കൂള്‍ നയത്തില്‍ ചിലര്‍ക്ക് പ്രതിഷേധമുള്ളതായി അറിഞ്ഞെന്നും എന്നാല്‍ സമാധാനം ഇഷ്ടപ്പെടുന്നവരും നിയമം പിന്തുടരുന്നുവരുമായതിനാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെ്ന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെറി ജോര്‍ജ്ജ് മാത്യു അറിയിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനവും ഏതെങ്കിലും ഒരു മതത്തിന്റെ പ്രത്യേക ആചാരം പിന്തുടരുന്നത് അനുവദിക്കില്ലെന്നും ഇത്തരം നടപടി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു കര്‍ണാടക പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേശ് പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും മതപരമായ ആചാരം പിന്തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയമാണ്.