ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കി. തുട മസിലിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ഐപിഎല്ലില്‍ തുടര്‍ന്ന മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. വിദഗ്ധ പരിശോധനയില്‍ ആറ് മുതല്‍ എട്ട് ആഴ്ചത്തെ വിശ്രമമാണ് താരത്തിന് വേണ്ടി വരുകയെന്ന് കണ്ടെത്തി. ഇതോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനവും താരത്തിന് നഷ്ടമായേക്കും.
അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ഹൈദരാബാദിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് താരത്തിന്റെ പരുക്ക്.
ചെന്നൈക്കെതിരായ മത്സരത്തിന്റെ 19ാം ഓവറിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഓവര്‍ പൂര്‍ത്തിയാക്കാതെ താരം കളംവിടുകയായിരുന്നു. നാല് മത്സരങ്ങളില്‍ ഏഴില്‍ താഴെയായിരുന്നു താരത്തിന്റെ ഇക്കോണമി റേറ്റ്. അതേസമയം താരം ദുബായില്‍ തന്നെ തുടരനാണ് സാധ്യത. ബിസിസിഐ ഫിസിയോ നിതിന്‍ പട്ടേലും ഇവിടെയുള്ളതിനാലാണിത്.