X

ഛത്തീസ്ഗഡ് കോണ്‍ഗ്രസ്; ഭൂപേഷ് ബഗേല്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത് നിറമിഴിയോടെ

റായ്പൂര്‍: നിറമിഴികളോടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍. പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഭൂപേഷ് ബഗേലിന്റെ കണ്ണ് നിറഞ്ഞു. തൊണ്ട ഇടറി. അല്‍പ്പനേരത്തേയ്ക്ക് പ്രസംഗം നിര്‍ത്തിയ ബഗേല്‍ കണ്ണട ഊരി കര്‍ച്ചീഫ് കൊണ്ട് കണ്ണീര്‍ തുടച്ചു. 2013ലെല്‍ നിയമസഭ തെരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെയാണ് ബഗേലിനെ പി.സി.സി പ്രസിഡന്റായി നിയമിച്ചത്. തുടര്‍ന്ന് 2018 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെ കോണ്‍ഗ്രസ് അധികരത്തില്‍ തിരിച്ചെത്തി. ബഗേലിന്റെ നേതൃത്വത്തില്‍ 90ല്‍ 68 സീറ്റ് നേടി അപ്രതീക്ഷിതമായ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

2013 മേയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളായിരുന്ന മഹേന്ദ്ര കര്‍മ്മയും വി.സി ശുക്ലയും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് സംഘടനാസംവിധാനത്തെ പുനരുജ്ജീവിപ്പിച്ച ഭൂപേഷ് ബഗേല്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മുഖ്യമന്ത്രി പദവിക്കൊപ്പം ഭൂപേഷ് ബഗേല്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നത്. രണ്ട് ചുമതലകളും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊണ്ടഗോണ്‍ എം.എല്‍.എ ആയ മോഹന്‍ മാര്‍ക്കാമിനെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു നേതാവ് അധ്യക്ഷ പദവിയിലക്ക് എത്തുന്നത് ആദ്യമായാണ്. 2014 ജൂണില്‍ തുടങ്ങിയ പരിശ്രമങ്ങളാണ് ഇപ്പോള്‍ അധികാരത്തിലെത്താന്‍ സഹായിച്ചതെന്ന് ഭൂപേഷ് ബഗേല്‍ വികാരാധീതനായി പ്രതികരിച്ചു.

chandrika: