ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ മിശ്രവിവാഹങ്ങല്‍ ലൗ ജിഹാദിന്റെ പരിധിയില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ‘ലൗ ജിഹാദി’നെ തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ചോദ്യം.
‘വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളിലുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ‘ലൗ ജിഹാദ്’ എന്ന നിര്‍വചനത്തില്‍ വരുന്നതാണോയെന്നാണ് ഞാന്‍ ബിജെപി നേതാക്കളോട് ചോദിക്കുന്നത്’- ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
നേരത്തെ രാജസ്ഥന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ബിജെപി നിര്‍മിച്ചെടുത്ത വാക്കാണ് ‘ലൗ ജിഹാദെ’ന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മിശ്രവിവാഹം ഉള്‍പ്പടെയുള്ളത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവ തടയുന്ന നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളാണ് ലൗ ജിഹാദിനെ തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.