ന്യഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ആണ്‍കുട്ടികളുടെ നിരന്തര അതിക്രമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പോലീസ് നടപടി. ഇന്നലെ രാത്രി നടന്ന ലാത്തിച്ചാര്‍ജില്‍ വനിതാ പ്രൊഫസര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് പോലീസിനോട് റിപ്പോര്‍ട്ട് തേടി.
വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ വിമര്‍ശിച്ചും അപലപിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണിത്. ഡിവിഷണര്‍ കമ്മീഷണറോടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അക്രമം തടയുന്നതില്‍ പരാജയപ്പെട്ട ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ ഉന്നയിച്ചത്.
ഇന്നലെ രാവിലെ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര ചെയ്യാനിരുന്ന വഴി ഉപരോധിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് വൈസ് ചാന്‍സിലറുടെ വീട്ടിലേക്കും മാര്‍ച്ചും നടത്തി. ഇതോടെയാണ് വൈകീട്ട് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധാപകര്‍ക്കും പരിക്കേറ്റു. പുരുഷന്‍മാരായ പോലീസുകാരാണ് ലാത്തി വീശിയതെന്നും ലാത്തി വീശണ്ട സാഹചര്യമില്ലാതിരുന്നിട്ടും വി.സി അതിന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.
കാമ്പസില്‍ വിദ്യാനികള്‍ നിരന്തര അക്രമത്തിനിരയായിട്ടും അധികൃതര്‍ പരാതി എടുത്തിരുന്നില്ല. ഏറ്റവും ഒടുവില്‍ അക്രമത്തിനിരയായ പെണ്‍കുട്ടിയെ സര്‍വ്വകലാശാല അധികൃത അപാമാനിക്കുകയും ചെയ്തു എന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. ലാത്തി ചാര്‍ജിനെ അപലപിച്ച് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഉടന്‍ കര്‍ശന നടപടി വേണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
അധ്യാപകരും പോലീസും ചേര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വൈസ് ചാന്‍സലറുടെ ഉറപ്പ് ലഭിക്കാതെ ധര്‍ണ അവസാനിപ്പിക്കില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല ക്യാംപസില്‍ കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ക്യാംപസിന് സര്‍വ്വകലാശാല അവധി പ്രഖ്യാപിച്ചു.