ഭോപ്പാല്‍: വളക്കച്ചവടത്തിന്റെ മറവില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിന് നേരേ ആക്രമണം. ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇന്‍ഡോറിലാണ് സംഭവം.വളകള്‍ വില്‍ക്കുന്നതിന്റെ മറവില്‍ യുവാവ് സ്ത്രീകളെ ഉപദ്രവിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് ഒരുസംഘം യുവാവിനെ മര്‍ദ്ദിച്ചത്. വില്‍പ്പനയ്ക്കായി കരുതിയിരുന്ന വളകള്‍ ഇവര്‍ നശിപ്പിക്കുകയും ചെയ്തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്നതായും ആരോപണമുണ്ട്.
അക്രമിസംഘത്തിലെ ഒരാള്‍ ആദ്യം തന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് പിന്നാലെ മര്‍ദനം ആരംഭിച്ചെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. കൈയിലുണ്ടായിരുന്ന പതിനായിരം രൂപ കവര്‍ന്നതായും വളകള്‍ ഉള്‍പ്പെടെയുള്ള മറ്റുവില്‍പ്പന ചരക്കുകള്‍ നശിപ്പിച്ചതായും യുവാവ് ആരോപിച്ചു. അതേസമയം, യുവാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും വീഡിയോയിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ രാഷ്ട്രീയ നേതാക്കളും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഈ വീഡിയോ അഫ്ഗാനിസ്താനില്‍ നിന്നല്ലെന്നും ശിവ് രാജ് സിങ് ചൗഹാന്റെ മധ്യപ്രദേശില്‍നിന്നാണെന്നും കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി ട്വിറ്ററില്‍ കുറിച്ചു. വളകള്‍ വില്‍ക്കുന്ന ഒരു മുസ്ലീം യുവാവിന് നേരേയൊണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ സാധനങ്ങള്‍ കൊള്ളയടിച്ചു. ഈ ഭീകരര്‍ക്കെതിരേ എപ്പോള്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. ആക്രമണത്തിനിരയായ യുവാവിന് താന്‍ നഷ്ടപരിഹാരം നല്‍കുമെന്നും നിയമസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.