ഭോപാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ 19കാരിയായ വിദ്യാര്‍ത്ഥിനിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പരാതിയുമായി എത്തിയ യുവതിയെ സിനിമക്കഥ പറയുന്നു എന്ന് പറഞ്ഞ് ആക്ഷേപിച്ച് കേസെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥിനി ചൊവ്വാഴ്ച കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭോപാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഗോലു ബിഹാറി, രാജേഷ്, അമര്‍ ഛോട്ടു, രമേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ സ്ഥിരം കുറ്റവാളിയാണ്. ക്ലാസിനു ശേഷം സാധാരണ ബസിലാണ് വിദ്യാര്‍ഥിനി വീട്ടിലേക്കു പോകാറുള്ളത്. എന്നാല്‍ സംഭവം നടന്ന ദിവസം ട്രെയിനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി നാല് പ്രതികളും ചേര്‍ന്ന് മൂന്ന് മണിക്കൂറോളമാണ് തുടര്‍ച്ചയായി പീഡിപ്പിച്ചത്.
ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴി പ്രതികളിലൊരാള്‍ തന്നെ കടന്നു പിടിച്ചെന്നും തുടര്‍ന്ന് വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതിന് ശേഷം കെട്ടിയിട്ടതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പേടിച്ച് നിലവിളിക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും കല്ല് കൊണ്ട് ഇടിച്ചതായും പെണ്‍കുട്ടി പറഞ്ഞു.
പീഡനത്തിന് ശേഷം വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പുറത്തേക്ക് പോയ പ്രതികളില്‍ രണ്ടാമന്‍ മറ്റ് രണ്ട് പേരോടൊപ്പമാണ് തിരിച്ചെത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട ഉപദ്രവത്തിനൊടുവില്‍ തന്റെ കമ്മലും ഫോണും വാച്ചും എല്ലാം പ്രതികള്‍ പിടിച്ചു വാങ്ങിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
പിന്നീട് തൊട്ടടുത്ത റെയില്‍വേ പൊലീസ് പോസ്റ്റിലെത്തിയ പെണ്‍കുട്ടി അച്ഛനെയും അമ്മയെയും വിവരം അറിയിക്കുകയായിരുന്നു. പിറ്റേന്ന് പിതാവിനൊപ്പം എത്തി പരാതി നല്‍കി. തിരികെ മടങ്ങും വഴി തന്നെ എത്തിച്ച സ്ഥലത്ത് വെച്ച് പ്രതികളെ തിരിച്ചറിയുകയും പിന്‍തുടര്‍ന്ന് പിടികൂടുകയുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സ്‌റ്റേഷനിലെ പൊലീസുകാരിലൊരാള്‍ പെണ്‍കുട്ടിയുടെ പരാതി സിനിമാ കഥയാണെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു. സ്വന്തം മകളെ കൊന്ന കേസില്‍ ജാമ്യത്തിലുള്ളയാളാണ് കേസിലെ പ്രധാന പ്രതി. അതേസമയം മധ്യ പ്രദേശ് സംസ്ഥാനം നിലവില്‍ വന്ന ദിവസം തന്നെ നടന്ന സംഭവമായതിനാല്‍ പൊലീസ് കേസ് വിവരങ്ങള്‍ പുറത്തു വിടാതെ സൂക്ഷിക്കുകയായിരുന്നു.