X

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ വ്യാജം തന്നെ; പൊലീസ് കണ്‍ട്രോള്‍ റൂം ഓഡിയോ പുറത്ത്

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം സന്ദേശം പുറത്ത്.  ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്‍ ഉന്നത തലത്തില്‍ നിന്നും നിര്‍ദേശം നല്‍കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

രക്ഷപ്പെട്ടോടുന്ന എട്ടുപേരെയും കൊലപ്പെടുത്താനാണ് ബോസിന്റെ നിര്‍ദേശമെന്നും അങ്ങോട്ട് അദ്ദേഹം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഓഡിയോ സന്ദേശം പറയുന്നു.

ജയില്‍ ചാടിയവരെയെല്ലാം കൊന്നൊടുക്കിയ ശേഷം ‘ ഗെയിം ഇവിടെ അവസാനിച്ചിരിക്കുന്നു, എട്ടു പേരെയും കൊന്നൊടുക്കിയിരിക്കുന്നു’ എന്ന് ഉച്ചത്തിലുള്ള ആഹ്ലാദ പ്രകടനവും ഓഡിയോയിലുണ്ട്.

ഒന്നര മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ പുറത്തായ ഓഡിയോ ഏറ്റുമുട്ടല്‍ 10 മിനിറ്റിനകം അവസാനിച്ചുവെന്ന സൂചനയാണ് നല്‍കുന്നത്. മൂന്നു പൊലീസുകാരെ മൂര്‍ച്ചയേറിയ കത്തികൊണ്ട് ഇവര്‍ ആക്രമിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
ജയില്‍ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ ശേഷം 32 അടിയുള്ള ചുറ്റുമതില്‍ ബെഡ്ഷീറ്റുപയോഗിച്ച് ചാടിക്കടന്നാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം. മണിക്കൂറുകള്‍ക്ക് ശേഷം ജയിലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ അചാര്‍പുരയില്‍ വെച്ച് ഇവരെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

Web Desk: