ഭോപാല്‍: 40 വര്‍ഷമായി കെട്ടികിടക്കുന്ന ഭോപ്പാല്‍ ദുരന്തത്തിലെ വിഷമാലിന്യങ്ങള്‍ നീക്കിതുടങ്ങി. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. 337 ടണ്‍ മാലിന്യമാണ് നീക്കം ചെയ്യാനുള്ളത്.
ഭോപ്പാല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളായ 337 മെട്രിക് ടണ്‍ വിഷമാലിന്യങ്ങളാണ് 12 സീല്‍ ചെയ്ത കണ്ടെയ്‌നര്‍ ട്രക്കുകളിലാക്കി നീക്കുന്നത്. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള പിത്തംപൂരിലെ ഒരു വ്യവസായ മേഖലയിലേക്കാണ് മാലിന്യങ്ങള്‍ നീക്കുന്നത്. സുപ്രിംകോടതിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ട് പോലും ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് സൈറ്റ് വൃത്തിയാക്കിയിരുന്നില്ല. തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതിനായി നാലാഴ്ചത്തെ സമയപരിധി നല്‍കുകയും ചെയ്തു.
മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വിഷമാലിന്യങ്ങള്‍ നീക്കിതുടങ്ങുന്നത്.
മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉപോഗിക്കുന്ന കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്ക് വഴി മധ്യേ നിര്‍ത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ 30 മിനിറ്റിലും ആരോഗ്യ പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്. 30 മിനിട്ട് ഷിഫ്റ്റ് ആണ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത്.
1984 ഡിസംബറിലാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നാണ് ഭോപാല്‍ ദുരന്തം.