X
    Categories: MoreViews

എടിഎം ഉപയോഗിക്കാനറിയില്ല; ബാങ്കിന്റെ മുന്നില്‍ അവസാനിക്കാത്ത ക്യൂ

ഭോപ്പാല്‍: രാജ്യത്തെ സാധാരണക്കാര്‍ നോട്ടിനായി നെട്ടോട്ടമോടുകയാണ്. എടിഎമ്മുകള്‍ കയറിയിറങ്ങുകയാണ് ഓരോ മനുഷ്യനും. ഏത് എടിഎമ്മില്‍ നിന്നാണ് അത്യാവശ്യം നിലനില്‍ക്കാന്‍ പണം കിട്ടുകയെന്നതാണ് ഓരോരുത്തരുടേയും തിരച്ചില്‍. അതിനിടയിലാണ് എടിഎമ്മുകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഉപയോഗിക്കാതെയുള്ള ഒരു കാഴ്ച്ച കാണുന്നത്. ഇവിടെ എടിഎമ്മില്‍ ആരും കയറുന്നില്ല. എല്ലാവരും ബാങ്കിനുമുന്നില്‍ ഒരിക്കലും അവസാനിക്കാത്ത ക്യൂവിലാണ്. സംഭവം നടക്കുന്നത് മധ്യപ്രദേശിലെ സുഖി സോവാനിയ ഗ്രാമത്തിലാണ്.

ഭോപ്പാലില്‍ നിന്നും 25കിലോമീറ്റര്‍ ദൂരത്തിലുള്ള സുഖി സോവാനിയയില്‍ എടിഎം ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വേദനിപ്പിക്കുന്ന വസ്തുത.ഇതു തന്നെയാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ നിരക്ഷരരായ ജനതയുടെ ദുരിതം. ബാങ്കിലെ നീണ്ട ക്യൂവില്‍ ഇടം പിടിക്കാന്‍ ഇവിടെയുള്ളവര്‍ പുലര്‍ച്ചെ അഞ്ചിന് തന്നെ വീട്ടില്‍ നിന്നിറങ്ങുകയാണ്. വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് ഓരോരുത്തരും ബാങ്കിനുമുന്നില്‍ എത്തുന്നത്. വെറും മിനിറ്റുകള്‍ കൊണ്ട് കയ്യിലെത്താവുന്ന പണമാണ് മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്ന് മാറ്റിയെടുക്കാന്‍ ഇവിടുത്തുകാര്‍ ശ്രമിക്കുന്നത്.

ഉള്‍ഗ്രാമങ്ങളില്‍ പലയിടങ്ങളിലും ഇത്തരം കാഴ്ച്ചകള്‍ കാണുന്നുണ്ട്. ബാങ്കിനുമുന്നില്‍ ക്യൂവില്‍ നില്‍ക്കുന്നു ചിലര്‍. ചിലര്‍ക്ക് ബാങ്കില്‍ നിന്നുള്ള ഫോം പൂരിപ്പിക്കാന്‍ അറിയില്ല. മറ്റു ചിലര്‍ ജോലിക്ക് പോകാനാവാതെ നോട്ട് മാറ്റിയെടുക്കാനുള്ള പരിഭ്രാന്തിയിലുമാണ്. ഇന്ന് നോട്ട് പിന്‍വലിക്കലിന്റെ ഒന്‍പതാം ദിവസവും പ്രതിസന്ധിക്ക് അയവൊന്നും ഒരിടത്തും വന്നിട്ടില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത.

chandrika: