X

ഭീമാ കൊറേഗാവ് കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ് ലാഖയ്ക്‌ ജാമ്യം.വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. തടങ്കലിലായി അഞ്ച് വർഷത്തിന് ശേഷമാണ് നവ്‌ലാഖയ്ക്ക് ജാമ്യം ലഭിക്കുന്നത്.

നവാഖയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന നിരീക്ഷണങ്ങളും കോടതി വാദത്തിൽ പരിഗണിക്കുകയുണ്ടായി. ഭീമ കൊറേഗാവ് കേസിൽ പ്രതികളായ 16 പേരിൽ ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.എ.പി.എയുടെ 15ാം വകുപ്പ് പ്രകാരം നവ് ലാഖ ഭീകരപ്രവർത്തനം നടത്തിയെന്ന് അനുമാനിക്കാൻ വകയില്ലെന്ന് ബോംബൈ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ജസ്റ്റിസുമാരായ എ.എസ്‌. ഗഡ്‌കരി, ശിവകുമാർ ദിഗെ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ ഉണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നവ്ലാഖയെ അറസ്റ്റ് ചെയ്‌തത്. 2020 ഏപ്രിൽ 14ന് ആണ് നവ്‌ലാഖ അറസ്റ്റിലാകുന്നത്. നവ്ലാഖയെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ 2022 നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തുടർന്ന് മുംബൈയിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് ലൈബ്രറിയുടെ ഭാഗമായ കെട്ടിടത്തിൽ വീട്ടുതടങ്കലിലായിരുന്നു നവ്‌ലാഖ.

കർശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരിൽ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നായിരുന്നു കോടതിയുടെ പ്രധാന വ്യവസ്ഥ.

73 കാരനായ നവ്‌ലാഖ 2018 ഓഗസ്റ്റ് മുതൽ തടങ്കലിൽ കഴിയുകയാണ്. ഭീമാ കൊറേഗാവിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഗൗതം നവ്ലാഖയടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ഇവരെ തടങ്കലിലാക്കിയത്. അർബൻ നക്സലുകൾ എന്നാണ് പൊലീസും മഹാരാഷ്ട്ര സർക്കാരും ഇവരെ അന്ന് വിശേഷിപ്പിച്ചത്.

webdesk13: