X
    Categories: indiaNews

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്; ഭയംമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് ഇതിന് പിന്നിലെന്ന് ഭീം ആര്‍മി നേതാവ്

ബുലന്ദ്ശഹര്‍: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിനെതിരെ ഉത്തര്‍പ്രദേശില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ആസാദ് അറിയിച്ചു. ബുലന്ദ്ശഹറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് അക്രമണമുണ്ടായതെന്നും ആസാദ് ആരോപിച്ചു.

എന്നാല്‍, വെടിവയ്പ്പുണ്ടായെന്ന പരാതി ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുപി പൊലീസിന്റെ പ്രതികരണം. അത്തരത്തില്‍ ഒരു വാര്‍ത്ത ചാനലുകളില്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് ബുലന്ദ്ശഹര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

അതേസമയം, വെടിവെപ്പില്‍ ബിജെപി അടക്കമുന്ന പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. ബുലന്ദ്ഷഹര്‍ തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയക്കുന്നതായും, ഭീം ആര്‍മിയുടെ റാലി അവരെ ആശങ്കപ്പെടുത്തുന്നതായും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. ഈ ഭീരുത്വമാണ് എന്റെ പ്രവര്‍ത്തകര്‍ക്കെതിരെ വെടിവെപ്പ് നടത്താന്‍ അവരെ പ്രകോപിപ്പിക്കുന്നത്. വെടിവെപ്പ് അവരുടെ നിരാശയാണ് കാണിക്കുന്നത്, പ്രദേശത്തെ സമാധാനന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഞങ്ങള്‍ത് അനുവദിക്കില്ല, ആസാദ് ട്വീറ്റില്‍ പറഞ്ഞു.

ഇന്നലെ, ബുലന്ദ്ശഹറില്‍ ആസാദ് സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹസി യാമീന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ആസാദ് നിശ്ചയിച്ചിരുന്നത്. ബുലന്ദ്ഷര്‍ അടക്കം യുപിയിലെ ഏഴു സീറ്റുകളില്‍ നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

chandrika: