X
    Categories: indiaNews

ഭവാനിപൂര്‍ നാളെ വിധിയെഴുതും

കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ മികച്ച വിജയം നേടി മുഖ്യമന്ത്രിയായി തുടരാനാവുമെന്നാണ് മമതയുടെ പ്രതീക്ഷ.

മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ശോഭന്ദേബ് ചതോപാധ്യായ 28,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. പോള്‍ ചെയ്ത വോട്ടില്‍ 57.71% ശോഭന്ദേബ് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ രുദ്രനില്‍ ഘോഷിന് 35.16% വോട്ട് മാത്രമാണ് ലഭിച്ചത്. 5,211 വോട്ടുകളോടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭവാനിപൂരിലേക്ക് തിരിച്ചെത്തിയത്. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു.

കോസ്‌മോപൊളിറ്റന്‍ മണ്ഡലമായ ഭവാനിപൂരില്‍ 2,06,389 വോട്ടര്‍മാരാണുള്ളത്. മുസ്‌ലിം വോട്ടര്‍മാര്‍ 20 ശതമാനമാണ്. ഗുലാബ് ചുഴലിക്കാറ്റ് വോട്ടെടുപ്പിന് നേരിട്ട് ഭീഷണിയാകില്ലെങ്കിലും പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബി.ജെ. പിയുടെ പ്രിയങ്ക ടിബ്രെവാള്‍ ആണ് മമതയുടെ പ്രധാന എതിരാളി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ശക്തമായി പ്രചാരണ രംഗത്തുണ്ട്. ഹൈക്കോടതി അഭിഭാഷകന്‍ ശ്രീജിബ് ബിശ്വാസ് ആണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച മുര്‍ഷിദാബാദ് ജില്ലയിലെ സംസര്‍ഗഞ്ച്, ജംഗിപൂര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ഒക്ടോബര്‍ 3 നാണ് വോട്ടെണ്ണല്‍.

 

 

Test User: