വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പിക്കെതിരെ കേസ്. ഉത്തര കന്നടയില്‍ നിന്നുളള എംപിയായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെയാണ് കേസ്. ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഭട്കല്‍ മസ്ജിദും പൊളിച്ച് കളയണമെന്ന വിവാദ പരാമര്‍ശത്തില്‍ കുമത പൊലീസ് ബി.ജെ.പി എംപിക്കെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിനും ജില്ലയില്‍ കലാപമുണ്ടാക്കാനും ശ്രമിച്ചതിനാണ് കേസ് എടുത്തത്. സെക്ഷന്‍ 153 (എ) (നിറത്തിന്റെയും ജനന സ്ഥലത്തിന്റെയും പേരില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയിലും ഗ്രൂപ്പുകള്‍ക്കിടയിലും ശത്രുത വളര്‍ത്തല്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കാര്‍വാര്‍ എസ്.പി വിഷ്ണു വര്‍ഷന്‍ അറിയിച്ചു.
ഉത്തര കന്നടയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശം. 1992 ല്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത് പോലെ ഭട്കല്‍ മസ്ജിദും തകര്‍ക്കണമെന്നായിരുന്നു ഹെഗ്ഡയുടെ പരാമര്‍ശം.
ഭട്കല്‍ മസ്ജിദ് തകര്‍ക്കുമെന്നത് ബാബറി മസ്ജിദ് തകര്‍ത്തത് പോലെ ഉറപ്പാണ്. ഇത് അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ തീരുമാനമല്ല. ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു.