ന്യൂഡല്‍ഹി: രാജ്യത്ത് ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍. ഇതുപ്രകാരമുള്ള ആദ്യകേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് കേസ്. റെയില്‍വേ സ്റ്റേഷന്റെ ഫുട് ഓവര്‍ബ്രിഡ്ജിനടിയില്‍ പൊതുജനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫി.ഐ.ആറില്‍ പറയുന്നത്.
രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നില്‍ക്കുന്ന ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്‍സ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എന്‍.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവ നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍.