അബുദാബി: മുസ്സഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭരതാഞ്ജലി നൃത്ത പരിശീലന കേന്ദ്രം വാര്‍ഷിക ആഘോഷ പരിപാടി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും മുസ്സഫ ഭവന്‍സ് സ്‌കൂളിലും അരങ്ങേറും.
ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:30 വരെ ഭവന്‍സിലും ജൂലായ് 1 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ 10 വരെ ഐഎസ്സിയിലും വൈവിധ്യമാര്‍ന്ന നൃത്ത രൂപങ്ങള്‍ അരങ്ങിലെത്തും. പ്രമുഖ നൃത്ത അദ്ധ്യാപിക പ്രിയ മനോജിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ രണ്ടു വേദികളിലായി അവതരിപ്പിക്കുന്ന പ്രയുക്തിയിലും രാമസംയതിയിലും ഭാഗമാകും.
രാമായണത്തിലൂടെ ഒരു യാത്ര എന്ന രീതിയിലാണ് രാമസംയതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. എന്നും എല്ലാ വിഭാഗക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് അവതരണമെന്നും സംഘാടകയും അധ്യാപകയുമായ പ്രിയാ മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാരതത്തില്‍ ഉടനീളമുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും ഭരതാഞ്ജലി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പ്രയുക്തി – രാമസംയതി എന്നീ വേദികള്‍ ഒരുക്കുന്നതെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിയാ മനോജ്, കലാ ക്ഷേത്ര ഫൗണ്ടേഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആര്യ സുനില്‍, ശാശ്വതി ശ്രീധര്‍, കാര്‍ത്തിക നാരായണന്‍ എന്നിവരും സംബന്ധിച്ചു.