കോണ്‍ഗ്രസ് യുവതുര്‍ക്കി രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിനത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം അനിതരസാധാരണമായ ആത്മവിശ്വാസത്തിലാണ്. മതേതരത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള യാത്രക്ക് ഇന്ത്യ കണ്ട രാഷ്ട്രീയയാത്രകളില്‍ വെച്ചേറ്റവും വലിയ ജനപിന്തുണയാണ് ഇതുവരെയും ലഭിച്ചിരിക്കുന്നത്. വിഘടിപ്പിക്കലല്ല, യോജിപ്പിക്കലാണ് എന്ന മഹത്തായ സന്ദേശം രാഹുല്‍ഗാന്ധിയുടെ ചുണ്ടുകളില്‍നിന്ന് കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ജനമാകെ ഏറ്റെടുത്തുകഴിഞ്ഞു. 1977ലെ പരാജയത്തിന് ശേഷം ഇന്ദിരാഗാന്ധി നടത്തിയ യാത്രക്ക് സമാനമായ ഒന്നാണിത്. അതുകൊണ്ടുതന്നെ രാജ്യം വീണ്ടും മതേതരത്വത്തിലേക്കും കോണ്‍ഗ്രസിലേക്കും തിരിച്ചുവരുന്നു എന്ന സന്ദേശം കൂടിയാണിത്.
150 ദിവസത്തെ യാത്രയുടെ 75 ശതമാനം പിന്നിടുകയാണിന്ന്. ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് പ്രയാണം തുടങ്ങിയിട്ട് ഇന്നേക്ക് നൂറു ദിവസം. രാജസ്ഥാനിലെ ജയ്പൂരിലൂടെ പ്രയാണം തുടരുന്ന യാത്ര സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളെ ഒരുകാലത്തുമില്ലാത്ത വിധം കോണ്‍ഗ്രസിനോട് അടുപ്പിക്കുന്നതായാണ് വിലയിരുത്തല്‍. ഇതിനകം ഏഴു സംസ്ഥാനങ്ങളില്‍ യാത്ര പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് വഴിയാണ് യാത്ര രാജസ്ഥാനിലേക്ക് കടന്നത്. എട്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ഉത്തര്‍പ്രദശ്, ഡല്‍ഹി, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി പര്യടനം പൂര്‍ത്തിയാക്കി ജനുവരി അവസാനം ജമ്മുവിലാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദസഞ്ചലനങ്ങളില്‍ ഒന്നിന് അവസാനിക്കുക.
ഭാരത് ജോഡോ പ്രയാണം തുടങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍ ഹിമാചലില്‍ വലിയ മുന്നേറ്റത്തിലൂടെ അധികാരത്തിലെത്താനായി. രണ്ടു സംസ്ഥാനങ്ങളും യാത്രയുടെ ഭാഗമായിരുന്നില്ല എന്നത് മറ്റൊരു കാര്യം. രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ട് മുതല്‍ അദ്ദേഹത്തിന്റെ താടി വരെ കഴിഞ്ഞ നൂറു ദിവസത്തിനിടെ ബി.ജെ.പി വിമര്‍ശനത്തിന് ആയുധമാക്കി. യാത്രയെ കാര്യമാക്കുന്നില്ലെന്ന് പറയുമ്പോഴും താഴെ തട്ടില്‍ കോണ്‍ഗ്രസിനോട് അനുഭാവ സമീപനം വളരാനുള്ള സാധ്യത ബി.ജെ.പിയില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ടെന്നാണ് ഈ വിമര്‍ശനങ്ങള്‍ തെളിയിക്കുന്നത്. ബോളിവുഡ് താരങ്ങള്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍, ആര്‍.ബി.ഐ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ യാത്രയില്‍ പങ്കാളികളായത് സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരത് ജോഡോയാത്ര കോണ്‍ഗ്രസിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അടുത്ത ഘട്ടമായി പ്രിയങ്കാ ഗാന്ധി നയിക്കുന്ന വനിതാ റാലികളും കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്.