കെ.സി വേണുഗോപാല്‍ എം.പി
(എ.ഐ.സി.സി ജനറല്‍ സെക്രട്ടറി)
ഭയവും വെറുപ്പും വിതറി ഭരണകൂടം മലിനപ്പെടുത്തിയ ഭാരതത്തിന്റെ ആശങ്കകള്‍ മുറ്റിനില്‍ക്കുന്ന വഴികളിലൂടെ, രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 3500 ഓളം കിലോമീറ്റര്‍ ദൂരം കാല്‍നടയായി പിന്നിട്ടു രാഹുല്‍ ഗാന്ധിയും സഹയാത്രികരും രാജ്യതലസ്ഥാനത്തു തിരിച്ചെത്തുമ്പോള്‍ രാജ്യം വല്ലാതെ ആഗ്രഹിച്ചുപോകുന്ന പുതു ചരിത്രത്തിന്റെ പിറവിക്കു തുടക്കമാകും. സെപ്തംബര്‍ ഏഴു മുതലുള്ള 150 ദിവസങ്ങള്‍ സംഘ്പരിവാറില്‍നിന്ന് ഇന്ത്യയെ അതിന്റെ യഥാര്‍ഥ ആത്മാവിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള പോരാട്ടങ്ങളുടെ നാളുകളാണ്. രാജ്യത്തിന്റെ തെക്കേയറ്റത്തു ത്രിവേണീ സംഗമഭൂമിയില്‍നിന്ന് കശ്മീര്‍വരെ ഇന്ത്യയില്‍ ഇന്നേവരെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും നടത്താനായിട്ടില്ലാത്ത പദയാത്ര എന്ന മഹത്തായ മുന്നേറ്റത്തിലേക്കു ചുവടുവയ്ക്കുന്ന രാഹുല്‍ഗാന്ധിക്കൊപ്പം രാജ്യത്തെ ജനലക്ഷണങ്ങളും അണിചേരും.
‘മിലേ കദം, ജോഡോ വദന്‍’, അഥവാ; ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’; എന്നത് കേവലമൊരു മുദ്രാവാക്യമല്ല; ഇന്ത്യയുടെ ഹൃദയം തുടിക്കുന്നൊരു സന്ദേശം കൂടിയാണ്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും രാഹുല്‍ ഗാന്ധിയും സംഘവും കാല്‍നടയായി പിന്നിടുമ്പോള്‍ ഇന്ത്യയെ തൊട്ടറിഞ്ഞ, ഇന്ത്യയുടെ വേദനകളറിഞ്ഞ, അവയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ള മഹായാത്ര കൂടിയാകും. നാടിനെ ഭിന്നിപ്പിക്കുന്ന, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന, അടിമുടി ഈ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തുകളഞ്ഞ, ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍പ്പറത്തിയ മോദി ഭരണകൂടത്തെ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാണിക്കുകയാണ് ഈ യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര എന്ന ചോദ്യം ഇനിയും ആരുടെയെങ്കിലും മനസില്‍ ബാക്കിനില്‍ക്കുന്നുവെങ്കില്‍ യാത്രയ്‌ക്കൊടുവില്‍ അവര്‍ക്ക് അതിനൊരുത്തരം തെളിയും.
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) ഉയര്‍ച്ചയിലേക്ക് പോകുന്ന ഘട്ടത്തിലാണ് ഡോ. മന്‍മോഹന്‍സിങ് എന്ന സാമ്പത്തിക വിദഗ്ധനില്‍ നിന്ന് നരേന്ദ്രമോദി രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത്. ശേഷമുള്ളത് ചരിത്രത്തിലുണ്ട്. നോട്ടുനിരോധനവും ജി.എസ്.ടിയും മുതല്‍ ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെയും നരേന്ദ്രമോദിയെന്ന ഭരണാധികാരി ചെയ്തുകഴിഞ്ഞു. ലോകബാങ്കിന്റെ മുന്‍ ചീഫ് ഇക്കോണമിസ്റ്റായ കൗശിക് ബസു ദിവസങ്ങള്‍ക്കു മുന്‍പു പറഞ്ഞതു കേള്‍ക്കണം: ‘2016ന് ശേഷം രാജ്യത്തെ നിക്ഷേപ ജി.ഡി.പി അനുപാതം കുറഞ്ഞു. അത് രാജ്യത്തെ സൂക്ഷ്മ, ഇടത്തര വ്യാപാരങ്ങളെ ബാധിച്ചു. തൊഴില്‍ സൃഷ്ടിയെ ബാധിച്ചതോടൊപ്പം അതു യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും വര്‍ധിപ്പിച്ചു..’ ലോകബാങ്കിന്റെ കണക്കുപ്രകാരം 2004 മുതല്‍ 2014 വരെയുള്ള കാലത്തെ ശരാശരി വളര്‍ച്ച 7.58 ശതമാനമാണ്. അതായത് രണ്ട് യു.പി.എ സര്‍ക്കാരുകളുടെയും കാലമാണെന്ന് ഓര്‍ക്കുക. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിലനിര്‍ത്തിയ സാമ്പത്തിക വളര്‍ച്ചയുടെ ഉപഭോക്താവ് കൂടിയായിരുന്നു 2016 വരെ നരേന്ദ്രമോദിയും. എന്നാല്‍ മോദിയുടെ ഭരണവീഴ്ചകള്‍ ഫലത്തിലേക്ക് വരാന്‍ തുടങ്ങിയതോടെ 2016 മുതല്‍ സാമ്പത്തിക മേഖല താഴേക്ക് പതിച്ചു. നോട്ടുനിരോധനമായിരുന്നു ആരംഭം. അനാവശ്യമായൊരു പ്രഖ്യാപനവും മുന്നൊരുക്കങ്ങളുടെ സമ്പൂര്‍ണ അഭാവവും മൂലം സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുക മാത്രമായിരുന്നില്ല സംഭവിച്ചത്. ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്നു മരണപ്പെട്ടവരുടെ കണക്കുകള്‍ ഇന്നുവരെ ഔദ്യോഗികമായി സൂക്ഷിക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ലെന്നത് വിഷയത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്. ഇതിനൊപ്പം ജി.എസ്.ടി നടപ്പാക്കുന്നതില്‍ വന്ന വീഴ്ച കൂടി നേരിട്ടതോടെ, 2016ന് മുന്‍പ് കൈവരിച്ച നേട്ടത്തിലേക്ക് ഒരിക്കല്‍ക്കൂടിയെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്നൊരു ജനതയുടെ തലയിലേക്ക് അധികഭാരമായി വിലക്കയറ്റവും ഇന്ധന വിലയുടെ അസാധാരണ വര്‍ധനവും കൂടി വന്നതോടെ ചരിത്രം കാണാത്തൊരു അപകടത്തിലേക്കാണ് ഇന്ത്യ പോകുന്നത്. രാജ്യത്തെ ജനതയുടെ ചുമലില്‍ 26 ലക്ഷം കോടി രൂപയുടെ ഉയര്‍ന്ന നികുതിഭാരം അടിച്ചേല്‍പ്പിച്ച മോദിസര്‍ക്കാര്‍, സമ്പന്നരുടെ 10.86 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയതും ഓര്‍ക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ നടുവൊടിച്ചുകൊണ്ട്, ചങ്ങാത്ത മുതലാളിത്തത്തിന്റെ സാധ്യതകളില്‍ വിരാജിക്കുന്നൊരു പ്രധാനമന്ത്രിയെയും ഭരണകൂടത്തേയും തുറന്നുകാണിക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ആദ്യ കടമ. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി അഥവാ സി.എം.ഐ.ഇയുടെ കണക്കുപ്രകാരം ഈ വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായ 8.3 ശതമാനമാണ് ഓഗസ്റ്റ് മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. നഗരമേഖലയില്‍ ഇത് 9.6 ശതമാനവും ഗ്രാമങ്ങളില്‍ 7.7 ശതമാനവുമായി. തൊഴിലുള്ളവരുടെ എന്നതില്‍ 20 ലക്ഷത്തിന്റെ കുറവും കാണപ്പെട്ടു. തൊഴില്‍ നിരക്ക് 37.6 ശതമാനത്തില്‍നിന്നും 37.3 ശതമാനമായി. ഇക്കഴിഞ്ഞ മാസത്തെ കണക്കുകള്‍പ്രകാരം ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് തൊഴിലില്ലായ്മ ഏറ്റവുമധികം. 37.3 ശതമാനം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ്, 0.4 ശതമാനം.
ജനാഭിപ്രായങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, അടിമുടി കര്‍ഷകവിരുദ്ധമായ കരി നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞ ഭരണകൂടത്തിന്റെ അഹന്ത ട്രാക്ടറുകളിലും കലപ്പകളിലും തട്ടിത്തകരുന്ന കാഴ്ചയായിരുന്നു കര്‍ഷക സമരത്തിലൂടെ കാണാനായത്. കാര്‍ഷിക മേഖലയുടെ ഉത്പാദന, വിപണന രംഗമൊന്നാകെ കൈയടക്കാന്‍ തുനിഞ്ഞ കോര്‍പറേറ്റ് ഭീമന്മാര്‍ വളര്‍ത്തുന്നൊരു ഭരണകൂടം ഞെട്ടിവിറച്ച ആ നാളുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള തിരിച്ചറിവ് കൂടിയാണ്. കോവിഡിനും കാലാവസ്ഥയ്ക്കും തകര്‍ക്കാന്‍ കഴിയാത്ത പോരാട്ട വീര്യവുമായി ജീവന്‍വരെ പണയം വെച്ചുകൊണ്ട് ഡല്‍ഹിയിലും സംസ്ഥാനാതിര്‍ത്തികളിലും കര്‍ഷകര്‍ നിലയുറപ്പിക്കുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയയാളുടെ രാഷ്ട്രീയ പ്രസ്ഥാനവും പയറ്റുന്ന കാഴ്ച രാജ്യത്ത് സര്‍വസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം വന്നാല്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന ചിന്തയെ അപ്പാടെ തകര്‍ത്തുകൊണ്ട് മറ്റൊരു പ്രശ്‌നവുമായി ബി.ജെ.പി രംഗപ്രവേശം ചെയ്തു. വാരാണസിയില്‍ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വര്‍ഷമായി പള്ളി പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതു വിഷയമാക്കാന്‍ ശ്രമിക്കുകയാണ്. അയോധ്യയ്ക്കുശേഷം വാരാണസി പുതിയ പ്രശ്‌നമാക്കി ഉയര്‍ത്താന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുന്നു. ഒപ്പം വസ്ത്രധാരണവും വിഷയമാക്കി ഉയര്‍ത്തി ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയെന്ന കൃത്യമായ പ്ലാന്‍ ഓഫ് ആക്ഷന്‍ ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനം തുടരുക എന്നതിനൊപ്പം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അടവുനയവും ഇവിടെക്കാണാം. ഗോള്‍വാള്‍ക്കര്‍ മുതല്‍, ഗോദ്‌സെ വഴി സവര്‍ക്കറിലൂടെ മോഹന്‍ ഭാഗവതിലും മോദിയിലും വരെ കുടികൊള്ളുന്ന ആത്യന്തിക ലക്ഷ്യങ്ങളെ എത്തിപ്പിടിക്കുക എന്നതിനൊപ്പം, രാജ്യം വിറ്റുതുലയ്ക്കുന്ന, കോര്‍പറേറ്റ് ഭീമന്മാരെ ഊട്ടിയുറക്കുന്ന കാഴ്ചകളില്‍ നിന്ന് ജനങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടാമെന്ന ഗൂഢലക്ഷ്യവും ഇവിടെയുണ്ട്. 75 വര്‍ഷക്കാലത്തിനിടയില്‍ രണ്ട് ഭരണാധികാരികള്‍ ഒഴികെ മറ്റാരും മാറിമാറി ഇന്ത്യയുടെ ഭരണഘടനയെയും അതിന്റെ മതേതര സ്വഭാവത്തെയും ചോദ്യം ചെയ്തിരുന്നില്ല. വാജ്‌പേയിയുടെ ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടെങ്കില്‍ 2014 മുതല്‍ അതങ്ങനെയായിരുന്നില്ല. സ്വതന്ത്ര പരമാധികാര മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ അംഗീകരിക്കാന്‍ എല്ലാക്കാലവും മടിയുണ്ടായിരുന്ന ആര്‍.എസ്.എസ്, ഇന്ത്യയുടെ അന്തസ്സത്തയെ മുറിവേല്‍പ്പിക്കാന്‍ ലഭിച്ച അവസരമായി 2014ലെ തിരഞ്ഞെടുപ്പ് വിജയത്തെക്കണ്ടു. ഭരണഘടന മുതല്‍ ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാന്‍ തയാറാകാതിരുന്ന യഥാര്‍ഥ ആര്‍.എസ്.എസിനെ ഉള്ളില്‍പ്പേറിയാണ് മോഹന്‍ ഭാഗവതിന്റെ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിയുടെ ബി.ജെ.പി രാജ്യം ഭരിക്കുന്നത്.
സംഘ്പരിവാര്‍ സംഘടനകളാലും ഭരണകൂടത്താലും നിരന്തരം ആക്രമിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിയെന്ന നേരിന്റെ രാഷ്ട്രീയത്തിലൂടെ, കോണ്‍ഗ്രസ് എന്ന മഹത്തരമായ പ്രസ്ഥാനത്തിലൂടെ, ഇന്ത്യന്‍ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയും. സമീപകാലത്തു കര്‍ഷകരുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നവര്‍ക്ക്, ഇന്ത്യ എന്ന വികാരത്തിന് മുന്നില്‍ പരാജയം അനുഭവിക്കേണ്ടി വരും. സംഘ്പരിവാര്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിക്കും. അതുവഴി വീണ്ടെടുക്കുന്നത് ഗാന്ധിയും നെഹ്‌റുവും ആസാദും അംബേദ്കറുമൊക്കെ പതിറ്റാണ്ടുകള്‍ ജീവനും രക്തവും ഹൃദയവും നല്‍കി കാത്തുസൂക്ഷിച്ച ഇന്ത്യയുടെ ആത്മാവിനെയാകും.