X

ഭാരത് ജോഡോ യാത്ര: മതേതര ഇന്ത്യയുടെ നേതാവാരെന്ന് അരക്കിട്ടുറപ്പിച്ചു; പികെ കുഞ്ഞാലിക്കുട്ടി

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ഗാന്ധി മതേതര ഇന്ത്യയുടെ നേതാവാരെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തതെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അദേഹം ജോഡോ യാത്രയെക്കുറിച്ചുള്ള അഭിപ്രായം പങ്കിട്ടത്. ഭാരതമെന്ന നമ്മുടെ രാജ്യം വൈവിധ്യങ്ങളുടെ സങ്കരഭൂമിയാണ്. നമ്മുടെ നാടിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹത്തായ യാത്രയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെന്നും അദേഹം കുറിച്ചു.

വര്‍ത്തമാന ഇന്ത്യയുടെ പ്രതിസന്ധികളുടെ ഉത്തരം തേടിയുള്ള സാര്‍ത്ഥകമായ ഒരു യാത്രയായിരുന്നു ജോഡോ യാത്ര. ഇന്ത്യയുടെ ആത്മാവും ഉള്ളടക്കവും വൈവിധ്യങ്ങളുടെ ഏകത്വമാണ്. ആ മഹത്തായ സന്ദേശത്തിലേക്ക് ഭാരതീയരെ വഴി നടത്തുകയെന്ന ദൗത്യമാണ് രാഹുല്‍ ഏറ്റെടുത്തത്. അതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധ്യമായി എന്ന് തന്നെയാണ് ജോഡോ യാത്രക്ക് ശേഷം നമ്മള്‍ വായിക്കേണ്ടത്. ഇന്ത്യ ഇത്തരമൊരു സന്ദേശ വാഹകനെയാണ് തേടുന്നത്. അദേഹം പറഞ്ഞു.

രാഹുലിനല്ലാതെ വര്‍ത്തമാന ഇന്ത്യയില്‍ ഈ സന്ദേശത്തെ വഴിനടത്താനാവില്ല. ലക്ഷക്കണക്കിന് ജനങ്ങളോട് മനസ്സില്‍ നിന്നും മനസ്സിലേക്കുള്ള സ്‌നേഹക്കൈമാറ്റമാണ് നാം ദര്‍ശിച്ചത്. ഒന്നിക്കുന്ന ചുവടുകളിലൂടെ വെറുപ്പിന്റെ ഗോപുരങ്ങളെ പതുക്കെ വകഞ്ഞുമാറ്റി രാജ്യമാകെ സ്‌നേഹത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മഹത്തായ പരവതാനി വിരിക്കുകയായിരുന്നു രാഹുല്‍ ജോഡോ യാത്രയിലൂടെ ചെയ്തു തീര്‍ത്തത്. ഇന്ത്യയുടെ പൂങ്കാവനമായ കാശ്മീരിന്റെ മണ്ണില്‍ ജോഡോയാത്ര അവസാനിക്കുകയല്ല.

പുതിയ ഇന്ത്യയെ രൂപപ്പെടുത്താനുള്ള അകബലം കൈവരിക്കുകയാണ് ഇതിലൂടെ. വരും നാളുകളില്‍ ഈ സഹന സമരത്തിന്റെ കരുത്തില്‍ വെറുപ്പിനെ വകഞ്ഞുമാറ്റി സ്‌നേഹത്തിന്റെ കുളിര്‍മ ഇന്ത്യ അനുഭവിക്കുക തന്നെ ചെയ്യും. അദേഹം പ്രതീക്ഷ പങ്കിട്ടു.

webdesk13: