X
    Categories: indiaNews

ഭാരത് ജോഡോ യാത്ര; ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആഴമേറിയതുമായ അനുഭവമെന്ന്’ രാഹുല്‍ഗാന്ധി

കന്യാകുമാരിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടങ്ങിയത്. 4000 കിലോമീറ്ററോളം താണ്ടി കഴിഞ്ഞ ദിവസം ശ്രീനഗറില്‍വച്ച് യാത്ര അവസാനിച്ചപ്പോള്‍, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും മനോഹരവുമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഭാരത് ജോഡോ യാത്രയ്ക്ക് രാജ്യത്ത് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ യാത്രയില്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രതിരോധവും ശക്തിയും ഞങ്ങള്‍ക്ക് കാണാനായി. രാജ്യത്തെ കര്‍ഷകരും തൊഴിലില്ലാത്ത യുവാക്കളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിച്ചെന്നും ശ്രീനഗറില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പ്രതികരിച്ചു. ‘ഭാരത് ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവന്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ട് കേന്ദ്രഭരണപ്രദേശത്ത് ക്രമസമാധാനം അത്ര മികച്ചതാണെങ്കില്‍ ബിജെപി നേതാക്കള്‍ ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് യാത്ര നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അമിത് ഷാ ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കാല്‍നടയായി പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധ്യമായ ബിജെപി വിരുദ്ധ മുന്നണിയില്‍ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെങ്കിലും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ അവര്‍ എപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. നേരത്തെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം താന്‍ ഇന്ത്യക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയതായി പറഞ്ഞു.

 

 

 

 

 

 

webdesk14: