ന്യൂഡല്‍ഹി: വെറുപ്പിന്റെ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താഴെ തട്ടില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചാണ് യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങള്‍, സ്വീകരണ കേന്ദ്രങ്ങള്‍, മറ്റു കാര്യങ്ങള്‍ എന്നിവ നിശ്ചയിക്കുന്നത്. ഇതിനുള്ള കൂടിയാലോചനകളും സജീവമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ആദ്യ പതിപ്പ് വലിയ വിജയമായതിനു പിന്നാലെ തന്നെ, യാത്രക്ക് രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമയവും മറ്റു കാര്യങ്ങളും നിശ്ചയിച്ചിരുന്നില്ല.
ഇതിനിടെ എം.പി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിഅയോഗ്യനാക്കപ്പെട്ടത് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. സുപ്രീംകോടതി വിധിയിലൂടെ രാഹുല്‍ എം.പി സ്ഥാനത്ത് തിരിച്ചെത്തിയതോടെ യാത്രയുടെ രണ്ടാം പതിപ്പിന് ഏറ്റവും അനുകൂല സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നത്. യാത്രയുടെ തിയതി, റൂട്ട് എന്നിവ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കശ്മീര്‍ വരെയായിരുന്നു ഭാരത് ജോഡോ യാത്രയുടെ ആദ്യ പതിപ്പ്. ഇത്തവണ പടിഞ്ഞാറ് ഗുജറാത്തിലെ കച്ച് തീരത്തുനിന്ന് തുടങ്ങി കിഴക്ക് മേഘാലയയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്രയുടെ റൂട് തയ്യാറാക്കുന്നത്. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടിലേക്ക് യാത്രയുടെ രണ്ടാം പതിപ്പിനായി രാഹുലിനെ ക്ഷണിക്കുന്നുവെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ പറഞ്ഞു. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിട്ടും ഭാരത് ജോഡോ ഒന്നിന്റെ യാത്രാമാപ്പില്‍ നിന്ന് ഗുജറാത്ത് പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തിന്റെ ഗോത്ര മേഖലയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നെങ്കിലും എ.എ.പിയുടെ രംഗപ്രവേശത്തോടെ തിരഞ്ഞെടുപ്പില്‍ ആ സ്വാധീനം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഭാരത് ജോഡോ യാത്രയിലൂടെ സ്വാധീന മേഖലകളിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഒന്നാം പതിപ്പില്‍ യാത്രയുടെ പ്രാതിനിധ്യം കുറവായിരിരുന്നു. മൂന്ന് ജില്ലകളിലായി 130 കിലോമീറ്ററാണ് യു.പിയില്‍ ഭാരത് ജോഡോ സഞ്ചരിച്ചത്. രണ്ടാം പതിപ്പില്‍ യു.പിയിക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കണമെന്ന് അന്നു തന്നെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. ഇതും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. മധ്യപ്രേദശും ജാര്‍ഖണ്ഡും ബിഹാറും പശ്ചിമബംഗാളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കടന്നാകും രണ്ടാം പതിപ്പിന്റെ പ്രയാണം.
മോദി – അദാനി സഖ്യമായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഒന്നാം പതിപ്പില്‍ രാഹുല്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്ന്. മണിപ്പൂര്‍ വംശീയ കലാപത്തില്‍ കത്തിയെരിയുമ്പോള്‍ സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി എത്തുന്ന ജോഡോ യാത്രക്ക് പ്രസക്തി വീണ്ടും വര്‍ധിക്കും. ഒന്നാം പതിപ്പിന് ലഭിച്ച സ്വീകാര്യതയേക്കാള്‍ വലിയ ആവേശമായി രണ്ടാം പതിപ്പിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് താഴെ തട്ടില്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍.