X

ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്‌നേഹം; ഉയര്‍ന്നു പറക്കട്ടെ സ്‌നേഹം-രാഹുല്‍ ഗാന്ധി

ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്‌നേഹമാണെന്ന് രാഹുല്‍ വ്യക്തമാക്കി. സ്‌നേഹം ഉയര്‍ന്നു പറക്കട്ടെ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജി20 രാജ്യങ്ങളിലെ നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ഉള്‍പ്പെടുത്തിയത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നാണ് ഉള്‍പ്പെടുത്തിയിരുന്നത്.

അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാല്‍ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ കുറിപ്പും വാര്‍ത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ, ഇന്ത്യ എന്ന രാജ്യത്തിന്റെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റാനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമായാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഇന്‍ഡ്യ എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ‘അവര്‍ ഇന്‍ഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരര്‍ത്ഥവും ഉണ്ടാകണമെന്നില്ല’ എന്നാണ് മോദി പറഞ്ഞിരുന്നത്.

webdesk13: