വെറ്ററന്‍ സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് പ്രമുഖര്‍ രംഗത്ത്. തന്റെ പുതിയ സിനിമയായ ‘പദ്മാവതി’യുടെ ജയ്പൂരിലെ സെറ്റില്‍ വെച്ചാണ് ഭന്‍സാലിയെ രജ്പുത് കര്‍ണി സേന എന്ന അക്രമിക്കൂട്ടം മര്‍ദിച്ചത്. ജയ്പൂരിലെ പദ്മിനി രാജ്ഞിയുടെ ജീവചരിത്രം ഒരുക്കുന്ന ഭന്‍സാലി, രാജ്ഞിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയത്. 53-കാരായ ഭന്‍സാലിയുടെ മുടിപിടിച്ചു വലിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സെറ്റിലെ ഉപകരണങ്ങളും അക്രമികള്‍ നശിപ്പിച്ചു.
ഋതിക് റോഷന്‍, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ഫര്‍ഹാന്‍ അഖ്തര്‍, സോനം കപൂര്‍, അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, ഋതേഷ് ദേശ്മുഖ് വിശാല്‍ ദഡ്‌ലാനി, ഹുമ ഖുറേഷി തുടങ്ങിയ നിരവധി പ്രമുഖര്‍ ഭന്‍സാലിക്ക് പിന്തുണയുമായി രംഗത്തെത്തി. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഫിലിം ഇന്‍ഡസ്ട്രി ഒന്നിച്ച് നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. സംവിധായകനെ മര്‍ദിക്കുന്നതും ഉപകരണങ്ങള്‍ നശിപ്പിക്കുന്നതും അസഹിഷ്ണുതയല്ലെങ്കില്‍ മറ്റെന്താണെന്ന് അര്‍ജുന്‍ രാംപാല്‍ ചോദിച്ചു.
അലാവുദ്ദീന്‍ ഖില്‍ജി ചിറ്റോര്‍ഗഡ് കോട്ടയിലെത്തിയപ്പോള്‍ കീഴടങ്ങാന്‍ തയാറാവാതെ പദ്മിനി റാണി നിരവധി മഹിളകള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത രംഗം ചിത്രീകരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നു കരുതുന്നു. ഈ രംഗം പദ്മിനിയെ അപമാനിക്കുന്നതാണെന്നും സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും കര്‍ണി സേന ആവശ്യപ്പെട്ടു. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ കപൂറും പദ്മിനി റാണിയായി ദീപിക പദുക്കോണുമാണ് വേഷമിടുന്നത്.
അക്രമത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചതായി ഭന്‍സാലി പറഞ്ഞു. തിരക്കഥയില്‍ മാറ്റം വരുത്താന്‍ ഭന്‍സാലി സമ്മതിച്ചതായി രജ്പുത് കര്‍ണി സേനാ തലവന്‍ ലോകേന്ദ്ര സിങ് കാല്‍വി പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഭന്‍സാലിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സ്ഥിരീകരിച്ചിട്ടില്ല.